പാലക്കാട്: ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയ യുവാവ് മലേറിയ ബാധിച്ച് മരിച്ചു. പാലക്കാട് കുറശ്ശ കുളം സ്വദേശി റാഫി (43) ആണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 2023 ജൂലൈ 12 ബുധനാഴ്ച രാത്രിയോടെയാണ് അന്ത്യം. ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയതാ യിരുന്നു റാഫി. പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മലേറിയ ആണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപന തലത്തിൽ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ പ്രവർത്തനം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.