യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരേ മസ്‌ക്

വാഷിംഗ്ടണ്‍: മൈക്രോബ്ലോഗിംഗ് രംഗത്തേക്ക് പുതുതായി ചുവടുവെച്ച് യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരെ ഭീഷണി മുഴക്കി മുഖ്യഎതിരാളിയായ ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍. മുന്‍ ട്വിറ്റര്‍ ജീവനക്കാരെ നിയമിച്ച് മെറ്റ തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്ക് കത്തയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ത്രഡ്‌സിനെതിരെ കേസെടുക്കുമെന്ന ഭീഷണിയും കത്തിലുണ്ട്.

ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും മെറ്റ വ്യവസ്ഥാപിതവും മനഃപൂര്‍വവും നിയമവിരുദ്ധവുമായ മാര്‍ഗത്തിലൂടെ ദുരുപയോഗം ചെയ്തതായി ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌കിന്റെ അഭിഭാഷകരില്‍ ഒരാളായ അലക്സ് സ്പിറോ ഒരു കത്തില്‍ അവകാശപ്പെട്ടു. ട്വിറ്റര്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ട്വിറ്ററിന്റെ ഏതെങ്കിലും വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളോ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ മെറ്റാ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.”മത്സരം നല്ലതാണ്, പക്ഷേ വഞ്ചന നല്ലതല്ല”, എന്നാണ് കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായി മസ്‌ക് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ മൈക്രൊ ബ്ലോഗിംഗ് ആപ്പായ ത്രെഡ്‌സ് അവതരിപ്പിച്ചത്. ആദ്യ ഏഴ് മണിക്കൂറിനുള്ളില്‍ പത്ത് ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടിയ ത്രെഡ്‌സ് പെട്ടെന്ന് തന്നെ വന്‍ ഹിറ്റായി മാറി. സമാരംഭിച്ച് ഏകദേശം 18 മണിക്കൂറിനുള്ളില്‍ 30 ദശലക്ഷത്തിലധികം സൈന്‍-അപ്പുകള്‍ ത്രെഡുകള്‍ റാക്ക് ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയിലാണ് ത്രെഡ്‌സിന് ഭീഷണി ഉയര്‍ത്തി ഇലോണ്‍ മസ്‌ക്ക് തന്നെ രംഗത്ത് വന്നത്. മെറ്റയുടെ പുതിയ ആപ്പ് ട്വിറ്ററിന് കാര്യമായ തലവേദനയുണ്ടാക്കുമെന്നാണ് ചില വിശകലന വിദഗ്ധര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →