രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും ഒരു സൈനികനെ വേണം’; നാവികസേനാ മേധാവി

‘ഓരോ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഒരു സൈനികനെ ആവശ്യമാണെന്ന് നാവികസേനാ മേധാവി ആർ ഹരികുമാർ. നിലവിൽ ലഡാക്കിൽ നിന്ന് ഏഴ് പേർ മാത്രമാണ് നേവി റാങ്കിലുള്ളത്. ലഡാക്കിൽ നിന്ന് 700 പേരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സേനയിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന ലഡാക്കിൽ സംഘടിപ്പിച്ച ഔട്ട്റീച്ച് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ഓരോ നാവികരെങ്കിലും നാവികസേനയിൽ ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുകയാണ് നാവികസേനയുടെ ലക്ഷ്യം” നാവികസേനാ മേധാവി പറഞ്ഞു. നാവികസേനയിൽ നിന്നുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് താൻ ലഡാക്കിലെത്തിയത്. ഈ മേഖലയിൽ നിന്ന് ആരും തന്നെ നാവികസേനയിൽ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെന്നും അഡ്മിറൽ പറഞ്ഞു.

“നാവികസേനയിലേക്കുള്ള വ്യാപനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ഞാൻ ഇവിടെ വന്നത്. ഞങ്ങൾക്ക് ആകെ ഏഴ് പേരാണുള്ളത്, ഒരു ഓഫീസറും ആറ് നാവികരും. 70,000 പേരുടെ സേനയിൽ ഇത് വളരെ കുറവാണെന്ന് എനിക്ക് തോന്നുന്നു” അഡ്മിറൽ ഹരി കുമാർ പറഞ്ഞു. ഈ മേഖലയിൽ നിന്ന് കൂടുതൽ കൂടുതൽ ആളുകൾ നാവികസേനയിൽ ചേരാനാണ് എന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രദേശത്ത് നിന്ന് കൂടുതൽ റിക്രൂട്ട്‌മെന്റുകൾ ലഭിക്കുന്നതിനായി നാവികസേന ലഡാക്കിൽ ഒരു ഔട്ട്‌റീച്ച് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ഇതിനായി നാവികസേനാ മേധാവി സ്ഥലത്ത് എത്തുകയും യുദ്ധസ്മാരകത്തിൽ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം