സൗദി അറേബ്യ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം ജിദ്ദയിലെ ആസ്ഥാനത്ത് ഒ.ഐ.സി അടിയന്തര എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് സംഭവം ചര്‍ച്ചചെയ്യുകയുംചെയ്ത ശേഷമാണിത്.
ഖുര്‍ആന്‍ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സ്വീഡന്‍ അംബാസഡറോട് അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ അപമാനകരമായ പ്രവൃത്തിയെ സൗദി അറേബ്യ തള്ളിക്കളയുന്നു. സഹിഷ്ണുത, മിതത്വം, തീവ്രവാദം തള്ളിക്കളയല്‍ എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ നടപടികളും നിര്‍ത്തണമെന്ന് സ്വീഡിഷ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ആവശ്യമായ പരസ്പര ബഹുമാനത്തെ അത് ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു.
ഖുര്‍ആന്‍ കത്തിക്കുന്ന നിന്ദ്യമായ പ്രവൃത്തിയെ സൗദി അറേബ്യ അപലപിക്കുന്നതായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒ.ഐ.സിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സാലിഹ് ബിന്‍ ഹമദ് അല്‍ സുഹൈബാനിയും പറഞ്ഞു.