കപ്പ് അഖില്‍ മാരാര്‍ക്ക്

മോഹൻലാല്‍ അവതാരകനായി എത്തുന്ന പ്രമുഖ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ബിഗ് ബോസ് സീസണ്‍ 5 വിജയി സംവിധായകനായ അഖിൽ മാരാർ. സീരിയൽ താരം റെനിഷക്ക് രണ്ടാം സ്ഥാനം. സോഷ്യല്‍ മീഡിയ താരമായ ജൂനൈസ് വി പി മൂന്നാം സ്ഥാനവും നേടി. സംരഭകയും നടിയുമായ ശോഭ വിശ്വനാഥ് ആണ് നാലാം സ്ഥാനത്ത്. നടൻ ഷിജു എ ആര്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

മത്സരം തുടങ്ങി ആദ്യ ദിവസങ്ങള്‍ മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ അഖില്‍, ഷോ പകുതി ഭാഗം പിന്നിട്ടപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, രണ്ടാം സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേര് ശോഭയുടേത് തന്നെയായിരുന്നു. അപ്രതീക്ഷിതമായി ശോഭക്ക് നാലം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

രണ്ടാം സ്ഥാനം സ്വന്തമാക്കിയ റെനിഷ സീസണ്‍ തുടങ്ങിയ ആദ്യ ആഴ്ച്ചകളില്‍ ഗംഭീര പ്രകടനം കാഴ്ച്ചവച്ച മത്സരാര്‍ത്ഥിയാണ്. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി നിറഞ്ഞാടിയ റെനിഷയെ തേടി സംവിധായകൻ ഫാസിലിന്റെ അഭിനന്ദനവും എത്തിയിരുന്നു. അഖില്‍ വിജയിയാകുമെന്ന് ചുറ്റുമുള്ളര്‍ ഉറപ്പിച്ച്‌ പറയുമ്ബോഴും എതിര്‍പ്പ് തുറന്നുപറഞ്ഞ് വില്ലനായി തിളങ്ങിയാണ് ജുനൈസ് മൂന്നാം സ്ഥാനത്തെത്തിയത്. സൗഹൃദം ഷിജുവിനെയും ഫൈനലിസ്റ്റാക്കി.

ഫൈനല്‍ ഫൈവില്‍ നിന്ന് സ്വന്തം തീരുമാനത്തില്‍ പുറത്തുപോയ ട്രാൻസ്ജെൻ‌ഡര്‍ പ്രതിനിധിയായ നാദിറ മെഹ്റിൻ ഏറെ ശ്രദ്ധനേടി. ഫിനാലെ വീക്കില്‍ എത്തിയ നാദിറ വിജയിയുടെ സമ്മാന തുകയില്‍ നിന്ന് ഒരോഹരി സ്വന്തമാക്കി സ്വയം പുറത്താകാൻ തീരുമാനിക്കുകയായിരുന്നു. ഏഴര ലക്ഷം രൂപ നേടിയാണ് നാദിറ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.

സെറീന ആൻ ജോണ്‍സണ്‍, അനിയൻ മിഥുൻ, റിനോഷ് ജോര്‍ജ്ജ്, വിഷ്ണു ജോഷി, അനു ജോസഫ്, സാഗര്‍ സൂര്യ, ശ്രുതി ലക്ഷ്മി, അഞ്ജൂസ് റോഷ്, ഒമര്‍ ലുലു, മനീഷ കെ എസ്, ശ്രീദേവി മേനോൻ, ലക്ഷ്മി ലച്ചു, ഗോപിക ഗോപി, ഏൻജലിന്ഡ മരിയ, ഹനാൻ എന്നിവരായിരുന്നു ഈ സീസണിലെ മറ്റ് മത്സരാര്‍ത്ഥികള്‍.

Share
അഭിപ്രായം എഴുതാം