ജിഎസ്ടിയുടെ 6 വര്‍ഷങ്ങള്‍

ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2023 ജൂണിലെ ജിഎസ്ടി ശേഖരണം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് 1.61 ലക്ഷം കോടി രൂപയായി- പരോക്ഷ നികുതി നടപ്പാക്കിയതിന് ശേഷമുള്ള മൂന്നാമത്തെ ഉയര്‍ന്ന വരുമാനമാണിത്.

2017 ജൂലൈ ഒന്നുമുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നത്. ഈ പദ്ധതി മുമ്പുണ്ടായിരുന്ന പരോക്ഷ നികുതി വ്യവസ്ഥയെ മാറ്റിമറിക്കുകയും ഒന്നിലധികം കേന്ദ്ര, സംസ്ഥാന തല നികുതികള്‍ അതില്‍ തന്നെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത് ഒരു പ്രധാന നികുതി പരിഷ്‌കരണമായിരുന്നു. രാജ്യത്തുടനീളമുള്ള ഏതൊരു ചരക്കിനും ഒരൊറ്റ നികുതി നിരക്ക് സൃഷ്ടിക്കുക മാത്രമല്ല, സര്‍ക്കാരിന് നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായി ഇത് കണക്കാക്കപ്പെട്ടു. അതേസമയം വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും നികുതി ഭാരവും ലഘൂകരിക്കപ്പെട്ടു. എന്നാല്‍ നികുതികള്‍ക്കെതിരെയുള്ള അപ്പീലുകള്‍ കൈകാര്യം ചെയ്യുന്നതിന് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നത് പോലുള്ള പ്രധാന പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി ആവശ്യമാണെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ നികുതി വ്യവസ്ഥയില്‍ ഉല്‍പ്പെടുത്തേണ്ടത് അനുവാര്യമാണെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പരിഷ്‌ക്കാരമില്ലാതെ തന്നെ ചെലവ് കുറയ്ക്കുന്നതിനും സമ്പദ് വ്യവസ്ഥയിലുടനീളം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാരണമായിട്ടുണ്ട്.
ജിഎസ്ടി യുടെ വിവിധ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 2020-21 എന്ന മഹാമാരി വര്‍ഷത്തില്‍ പോലും – ഓരോ മാസവും ലഭിക്കുന്ന തുക വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കാണുന്നത്. ലോക്ക്ഡൗണിന്റെ ആദ്യ ഏതാനും മാസങ്ങളില്‍ പകര്‍ച്ചവ്യാധി ജിഎസ്ടി ശേഖരണത്തെ തടസപ്പെടുത്തിയിരുന്നു. സമ്പദ് വ്യവസ്ഥ തുറന്നതോടെ വരുമാനം വേഗത്തില്‍ തിരിച്ചുവന്നു. 2020-21 ലെ ശരാശരി പ്രതിമാസ കളക്ഷന്‍ 1.08 ലക്ഷം കോടി രൂപയായിരുന്നു. ഇത് പകര്‍ച്ചവ്യാധിക്കാലത്തിന് മുമ്പുള്ളതിതിനേക്കാള്‍ കൂടുതലാണ്.

2022-23 ല്‍, ശരാശരി പ്രതിമാസ ജിഎസ്ടി ശേഖരണം ഒന്നരലക്ഷം കോടി രൂപയായിരുന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള കളക്ഷനുകള്‍ ശക്തമായി വളര്‍ന്നതായി കാണപ്പെടുമ്പോഴും സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടോ എന്ന് പൂര്‍ണമായും വ്യക്തമല്ല. ജിഎസ്ടി നടപ്പാക്കുന്നതിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്കായിരുന്നു, സംസ്ഥാനങ്ങളുടെ വരുമാനം ഓരോ വര്‍ഷവും 14 ശതമാനം വര്‍ദ്ധിക്കുമെന്നായിരുന്നു അനുമാനം. അവരുടെ വരുമാന വളര്‍ച്ച ഇതിലും കുറവാണെങ്കില്‍, വ്യത്യാസം തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലക്ഷ്യം പൂര്‍ണമായി കൈവരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല.

ജിഎസ്ടി നിയമത്തില്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്, അതിനാല്‍ നികുതിദായകര്‍ക്ക് നികുതി അധികാരികളുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇടമുണ്ട്. എങ്കിലും ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ആറ് വര്‍ഷത്തിന് ശേഷം, ട്രിബ്യൂണലുകളൊന്നുമില്ല എന്നത് പോരായ്മയാണ്. ഇപ്പോള്‍ ഇതിനായി നികുതിദായകര്‍ സമീപിക്കേണ്ടത് ഹൈക്കോടതിയെയാണ്. പ്രധാനമായും ഇന്ധനങ്ങളെ എങ്ങനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം എന്നതും ഇന്ന് തര്‍ക്കവിഷയമാണ്. ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കുന്ന മുറയ്ക്ക് മാത്രമെ അക്കാര്യം സാധ്യമാകു. എന്നാല്‍ ഈ വിഷയം ചര്‍ച്ചക്കെടുത്താല്‍ അവിടെ വിയോജിപ്പുകള്‍ ഉയരും. പെട്രോളിനും ഡീസലിനും നികുതി ചുമത്തുന്നത് വിവാദ വിഷയമാണ്, കാരണം നികുതി ചുമത്താന്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ചുരുക്കം ചില ഇനങ്ങളാണ് അവ, ജിഎസ്ടി നടപ്പിലാക്കിയതുമുതല്‍ ഇത് പ്രതിസന്ധിയായി തുടരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →