സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടി സമർപ്പിച്ച ഹർജി ഹൈക്കോടതി 2023 ജൂൺ 27ന് പരിഗണിക്കും. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നാണ് ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറുടെ ഇടക്കാല ജാമ്യ ഹർജി ഹൈക്കോടതിയിലെത്തിയത്.

താൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നും അതിനാൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് സുപ്രീം കോടതി ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇടക്കാല ജാമ്യം എന്ന ശിവശങ്കറിന്റെ ആവശ്യം പരിഗണിക്കരുതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ആവശ്യപ്പെടുന്നത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതിയുടെ തീരുമാനം എന്താകുമെന്ന് കണ്ടറിയണം.

ലൈഫ് മിഷൻ അഴിമതി കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. റിമാന്റിൽ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ചികിത്സാർത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവശങ്കർ അന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇതിനിടെയാണ് ജാമ്യാപേക്ഷയുമായി ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.

യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. ലൈഫ് മിഷൻ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷൻ കേസ് എന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →