തെറ്റ് ചെയ്തിട്ടില്ലെന്ന് അബിൻ സി.രാജ് മാദ്ധ്യമങ്ങളോട്

കായംകുളം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വാർത്തകൾക്ക് പിന്നാലെ മാലിദ്വീപിലെ ജോലി നഷ്ടമായെന്നും അബിൻ സി രാജ്. പറയാനുള്ളത് പൊലീസിനും കോടതിക്കും മുൻപിൽ പറയും. ഒരു പ്രതിയുടെ മൊഴി കേട്ട് തനിക്കെതിരെ വാർത്തകൾ സൃഷ്ടിച്ചുവെന്നും, തന്റെ നഷ്ടങ്ങൾ നികത്താൻ ആർക്കും കഴിയില്ലെന്നും പൊലീസ് കസ്റ്റഡിയിലാകുംമുമ്പ് അബിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2023 ജൂൺ 26 ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെയാണ് അബിൻ സി രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മെറിറ്റിൽ കിട്ടിയതായിരുന്നു ജോലി. മാലി ഭരണകൂടം തന്റെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി. കേസിനെ കുറിച്ച് പൊലീസ് തന്നോട് ബന്ധപ്പെട്ടിരുന്നില്ല. മാലി ദ്വീപ് മുഴുവൻ വാർത്ത പരന്നു. രക്ഷിതാക്കൾ തന്നെ അന്വേഷിച്ചിരുന്നെന്നും അബിൻ പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് അബിൻ സി രാജിനെ കായംകുളം പൊലീസ് പിടികൂടിയത്. വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുത്തത് രണ്ടാം പ്രതി അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. നാട്ടിലെത്തിയില്ലെങ്കിൽ പൊലീസ് റെഡ് കോർണർ നോട്ടീസ് നൽകുമെന്ന വിവരം അറിയിച്ചിരുന്നു. തുടർന്നാണ് അബിൻ സി രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നിരവധി പേർക്ക് അബിൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം. മുൻപ് എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടർന്ന് ഉത്തർ പ്രദേശിൽ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വർഷം മുൻപാണ് അബിൻ മാലിയിലേക്ക് പോയത്.

Share
അഭിപ്രായം എഴുതാം