തെലങ്കാന: തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തിരിച്ചടി നൽകിക്കൊണ്ട് നേതാക്കൾ കൂട്ടമായി കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രിയും മുൻ എംഎൽഎയും ഉൾപ്പെടെ 12 പേരാണ് കോൺഗ്രസിൽ ചേർന്നത്. ഡൽഹി എഐസിസി ആസ്ഥാനത്ത് വെച്ചാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ കോൺഗ്രസ് പ്രവേശനം.
മുൻ ബിആർഎസ് നേതാവ് പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, സംസ്ഥാന മുൻ മന്ത്രി ജൂപള്ളി കൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ഭരണകക്ഷിയായ ബിആർഎസിൽ നിന്നുള്ള കൂടുതൽ പേരും ബിജെപിയിൽ നിന്നുള്ള ചിലരും കോൺഗ്രസിലേക്ക് എത്തുമെന്നാണ് സൂചന. ശ്രീനിവാസ് റെഡ്ഡി, ജുപള്ളി കൃഷ്ണ റാവു, മുൻ എംഎൽഎമാരായ പനയം വെങ്കിടേശ്വര്ലു, കോരം കനകയ്യ, കോട റാം ബാബു തുടങ്ങിയ 12 നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്. ബിആർഎസ് എംഎൽഎ നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡിയും കോൺഗ്രസിൽ ചേർന്നവരുടെ പട്ടികയിലുണ്ട്.
ഏപ്രിലിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോംഗുലേട്ടി ശ്രീനിവാസ് റെഡ്ഡിയെയും ജുപള്ളി കൃഷ്ണ റാവുവിനെയും ബിആർഎസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കർണാടകയിലെ വൻ വിജയത്തിന് ശേഷം തെലങ്കാന കോൺഗ്രസിന് അനുകൂലമായ നിലപാടുകളാണ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംസ്ഥാനത്ത് ഈ വർഷം അവസാനത്തോടെ നിയമ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൂടുമാറിയുള്ള ചേക്കേറൽ കോൺഗ്രസിന് ഗുണം ചെയ്യും.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിആർഎസിന്റെ നീക്കം. അതേസമയം പട്‌നയിൽ നടന്ന മെഗാപ്രതിപക്ഷ യോഗത്തിൽ ബിആർഎസ് പങ്കെടുത്തിരുന്നില്ല. ആരെയെങ്കിലും അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടികൾ വെപ്രാളപ്പെടുകയാണെന്ന് വിമർശിച്ചുകൊണ്ടായിരുന്നു ബിആർഎസ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്