ദില്ലി : കെ സുധാകരനെയും, വി ഡി സതീശനെയും ചേർത്തുനിർത്തി രാഹുൽ ഗാന്ധി. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കേരളത്തിൽ നിന്നുള്ള നേതാക്കൾ. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവും രാഹുലിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. നേതൃത്വം കൂടെയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്ത് നൽകുന്നതാണെന്നും ഇതാണ് നേതാവെന്നുമാണ് വി ഡി സതീശന്റെ വാക്കുകൾ. ഭരണകൂടം വേട്ടയാടുമ്പോൾ ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം നൽകി ചേർത്തുപിടിക്കുന്ന നായകനാണ് രാഹുൽ ഗാന്ധിയെന്നും വി ഡി സതീശൻ വിശേഷിപ്പിച്ചു
ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ലെന്ന് കെ സുധാകരന്റെയും വി ഡി സതീശന്റെയും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. സുധാകരനും വി ഡി സതീശനും രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡിന്റെ പിന്തുണ ലഭിച്ചെന്ന് സുധാകരൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേരളത്തിലെ സാഹചര്യം ഹൈക്കമാൻഡിനെ ബോധിപ്പിച്ചു. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ പ്രതികരിച്ചു. കേരളത്തിൽ നേതൃമാറ്റം ആലോചനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുകയായിരുന്നു നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ നേതാക്കളുടെ ലക്ഷ്യം. സുധാകരനെതിരെ കേസെടുത്തിട്ടും സമര മുഖങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന പരാതി സംസ്ഥാന നേതൃത്വത്തിനുണ്ട്. സംഘടന തെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കുക മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.