റിയാദ്: രുചി വൈവിദ്ധ്യത്തിന്റെ അത്ഭുത ലോകം തുറന്ന സൗദി ഫുഡ് ഷോ സമാപിച്ചു. റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ മൂന്നുദിവസം നീണ്ടുനിന്ന മേള സൗദി വ്യവസായ, ധാതുവിഭവ വകുപ്പുമന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് ആണ് ഉദ്ഘാടനം ചെയ്തത്. നൂറോളം രാജ്യങ്ങളിൽ നിന്ന് ഹോസ്‍പിറ്റാലിറ്റി, ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന 500 ഓളം കമ്പനികളാണ് മേളയിൽ സ്വന്തം സ്റ്റാളുകളുമായി പങ്കെടുത്തത്.
സൗദി അറേബ്യയുടെ ‘വിഷൻ 2030’ന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഭക്ഷ്യസുരക്ഷ. വ്യവസായ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്നവയിൽ പ്രധാനപ്പെട്ടതാണ് ഭക്ഷ്യ വ്യവസായ മേഖലയെന്ന് മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് പറഞ്ഞു. ഭക്ഷ്യ വസ്തുക്കളടക്കം ധാരാളം വ്യാവസായിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ ലോക രാജ്യങ്ങളെ പങ്കാളിയാക്കാൻ സൗദി അറേബ്യക്ക് സാധിക്കുന്ന വിധത്തിൽ ശരിയായ വ്യവാസ ശക്തികളെ അറിയാനും ദേശീയാവശ്യങ്ങൾ തിരിച്ചറിയാനും ‘വിഷൻ 2030’ മികച്ച മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് -മന്ത്രി കൂട്ടിച്ചേർത്തു.
പെപ്‌സികോ, അമേരിക്കാന, അൽജമീൽ, ലാക്‌റ്റൈൽസ്, ഗൾഫ് വെസ്റ്റ്, സിയറ ഫുഡ്, ഇഫ്‌ക്കോ, നാദക്, ലുലു തുടങ്ങി നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാൻഡുകളായിരുന്നു മേള നഗരിയെ സമ്പന്നമാക്കിയത്. പ്രാദേശിക കാർഷികോപന്നങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കും സൗദിയിൽ വിപണി കണ്ടെത്തി ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ലുലുവിനുള്ളതെന്ന് മേളയിൽ പ്രഭാഷണം നടത്തിയ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്, വിപണിയിൽ കാലോചിതമായ മാറ്റമാണ് ലുലു വരുത്തുന്നതെന്നും 20 ലോക രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ലുലു, സൗദിയിലെ കർഷകരുടെ കാര്യത്തിലും അവർക്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിലും മുൻ നിരയിലാണെന്നും ഷഹീം പറഞ്ഞു. 2026 ആകുന്നതോടെ, ഈ രംഗത്ത് വിദേശ വിപണിയെ പൂർണമായും ആശ്രയിക്കാതെ സൗദി ഭക്ഷ്യ മേഖലയെ ഒരു പരിധി വരെ സ്വയം പര്യാപ്തമാക്കുന്നതിനും ലുലു എല്ലാ അർഥത്തിലും പിന്തുണ നൽകും.
സഹകരണ മേഖലയിൽ കൃഷിക്കാരുടെ പുരോഗതി ഏറെ വിജയകരമാണ്. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിലെ വളർച്ചയും അതാണ് സൂചിപ്പിക്കുന്നത്. സവിശേഷമായ ചില മാംസ വിഭവങ്ങളുടെ കാര്യത്തിൽ ഇപ്പോൾ തന്നെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇക്കാര്യത്തിൽ പ്രാദേശിക വിപണിക്കും പ്രാദേശിക കർഷകർക്കും ഒപ്പമാണ് -ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി