ഭക്തി നിർഭരമായി മിനാ താഴ്വര: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 2023 ജൂൺ 27 ചെവ്വാഴ്ച്ച

റിയാദ്: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് 2023 ജൂൺ 26 ന് തുടക്കമായിരിക്കെ തീർഥാടകർ മിനായിലെത്തി. കൊവിഡിന് ശേഷമുള്ള ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്ന ഹജ്ജാണിത്. അതിനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിരിക്കുകയായിരുന്നു. ഹജ്ജിന്റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും ഹജ്ജ് മാസം ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരി പുതുമോടി അണിയും. ദൈവത്തിന്റെ അതിഥികളായെത്തിയ തീർത്ഥാടകകരാൽ ഭക്തി നിർഭരമാവും.

25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിൽ രണ്ട് ലക്ഷത്തോളം തമ്പുകളുണ്ട്. ഇത്തവണ മിനയെ കൂടുതൽ മികവുകളോടെയാണ് ഒരുക്കിയിട്ടുള്ളത്. സൗകര്യങ്ങൾ ഹോട്ടലിന് സമാനമാണ് തമ്പുകളിൽ. ഇതിന് പുറമെ റസിഡൻഷ്യൽ ടവറുകൾ കൂടി അഭ്യന്തര തീർത്ഥാടകർക്കായി ഒരുങ്ങിയിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി മുതൽ മീനാ താഴ്വരയിലെ തമ്പുകളിലെത്താനുള്ള ഒരുക്കത്തിലായിരുന്നു തീർഥാടകർ. മക്കയിലെ താമസ കേന്ദ്രങ്ങളിൽ അവസാന തയ്യാറെടുപ്പുകളായിരുന്നു.

ജൂൺ 27 ചൊവ്വാഴ്ച്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിനം രാപ്പാർത്താണ് അതിൽ പങ്കെടുക്കാൻ തീർഥാടകർ അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി മുസ്‌ദലിഫയിൽ അന്തിയുറങ്ങി ബുധനാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങൾ അടുത്തതോടെ മക്ക മനുഷ്യ മഹാസാഗരമായി മാറുകയാണ്. 18 ലക്ഷം വിദേശ ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ആഭ്യന്തര തീർഥാടകരും പുണ്യഭൂമിയിലെത്തി.

മക്ക നഗരം പൂർണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി കഴിഞ്ഞിട്ടുണ്ട്. ഗതാഗതം ഉൾപ്പെടെ കർശന നിയന്ത്രണത്തിലാണ്. 1,75,025 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 11,252 പേരാണ് കേരളത്തിൽനിന്ന് വന്നിട്ടുള്ളത്. ഇന്ത്യൻ ഹാജിമാരോട് ഞായറാഴ്ച്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകിയിരുന്നു. ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികളാണ് മിനായിൽ എത്തിച്ചത്.

ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ സൗകര്യം ഇത്തവണ 84,000 ഹാജിമാർക്ക് പ്രയോജനപ്പെടും. മറ്റുള്ളവർ ബസ് മാർഗം യാത്രയാകും. ശക്തമായ ചൂട് ഹജ്ജ് ദിനങ്ങളിൽ കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിപ്പ് നൽകുന്നുണ്ട്. അന്തരീക്ഷം തണുപ്പിക്കാനുള്ള സാംവിധാനങ്ങൾ മിനായിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശങ്ങളും നൽകിയിട്ടുണ്ട്. സുരക്ഷിതമായ ഹജ്ജ് പൂർത്തിയാക്കാൻ മന്ത്രാലയത്തിന് കീഴിൽ പഴുതടച്ച ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം