എന്‍റെ വാദം കൂടി കേൾക്കണം”: തടസഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി ശരിവച്ചതിനെതിരേ അപ്പീൽ വരാനിടയുള്ള സാഹചര്യത്തിൽ, പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തു. തന്‍റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ആദ്യം പ്രിയയുടെ നിയമനം മരവിപ്പിച്ചത്. കണ്ണൂർ വിസി, ഇന്‍റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കാനും ഗവർണർ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്കറിയ, പ്രിയയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ലെന്നായിരുന്നു വാദം. ഇതു കണക്കിലെടുത്ത സിംഗിൾ ബെഞ്ച് നിയമനം തടഞ്ഞ് ഉത്തരവിറക്കി. എന്നാൽ, ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാമെന്ന സർവകലാശാലാ ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ഈ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരനായ ഡോ.ജോസഫ് സ്കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ ഹർജി ഫ‍യൽ ചെയ്തത്.

Share
അഭിപ്രായം എഴുതാം