തിരുവനന്തപുരം : ∙ വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രശാന്ത് അറസ്റ്റിൽ. 2023 ജൂൺ 23ന് ആണ് സംഭവം . വൈകിട്ട് മൂത്ത മകൻ സ്കൂൾവിട്ടു വന്നപ്പോൾ അമ്മ രക്തം വാർന്നു കിടക്കുന്നതാണ് കണ്ടത്. കുണ്ടമൺ കടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിതയെന്ന വാടകവീട്ടിൽ താമസിക്കുന്ന വിദ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ അച്ഛനാണ് പൊലീസിൽ വിവരം അറിയിച്ചത്. വിദ്യയെ ചവിട്ടിയും തലയ്ക്കടിച്ചുമാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. പ്രശാന്ത് ലഹരിക്ക് അടിമയെന്നും പൊലീസ് വ്യക്തമാക്കി.
വീടിന്റെ രണ്ടാം നിലയിൽ ഒരു മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു വിദ്യയും ഭർത്താവും രണ്ടു മക്കളും. സമീപവാസികളായ ആളുകളുമായി വീട്ടുകാർക്ക് ബന്ധമില്ലായിരുന്നു. ഓൺലൈനിൽ ഭക്ഷണം വരുത്തുന്നതും ചില ബന്ധുക്കൾ വന്നു പോകുന്നതും കണ്ടിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
വിവരം അറിഞ്ഞ് വിദ്യയുടെ അച്ഛൻ ഗോപകുമാർ എത്തുമ്പോൾ പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണർത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. വിദ്യയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്, വിദ്യയുടെ അച്ഛൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.