വയനാട് : മന്ത്രവാദത്തെ എതിർത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവുമടക്കം നാല് പേർക്കെതിരെ വയനാട് പനമരം പൊലീസ് കേസെടുകത്തു. ഭക്ഷണം പോലും നിഷേധിച്ചായിരുന്നു പീഡനമെന്ന് വാളാട് സ്വദേശിയായ യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
9 മാസം മുമ്പായിരുന്നു പനമരം കൂളിവയൽ സ്വദേശിയായ ഇക്ബാലുമായി 19കാരിയുടെ വിവാഹം. ഭർതൃമാതാവ് ആയിഷ വീട്ടിൽ നടത്തുന്ന മന്ത്രാവാദത്തെ എതിർത്തതോടെ പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു. നിലത്ത് ഉരുളുന്നതടക്കമുള്ള വിചിത്ര മന്ത്രവാദരീതികൾക്ക് യുവതി സാക്ഷിയായി. അപരിചിതർക്കൊപ്പം ഇരുന്ന് മന്ത്രവാദത്തിൻറെ ഭാഗമാകാൻ നിർബന്ധിച്ചതോടെ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് ശാരീരികാതിക്രമം തുടങ്ങിയെന്നും യുവതി പറഞ്ഞു.
ഭർത്താവ് ഇക്ബാൽ, ഭർതൃമാതാവ് ആയിഷ, ഭർത്താവിൻറെ സഹോദരി ഷഹർബാൻ, സഹോദരിയുടെ ഭർത്താവ് ഷെമീർ, എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. തനിക്ക് ഭക്ഷണം നിഷേധിക്കുകയും തന്നെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഒടുവിൽ വാളാടുള്ള വീട്ടിലേക്ക് രക്ഷപ്പെട്ടെത്തുകയായിരുന്നുവെന്നും പത്തൊമ്പതുകാരി പറഞ്ഞു.
സംഭവത്തിൽ 4 പേർക്കെതിരെ പനമരം പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. യുവജനകമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്