മോൻസനെ വിയ്യൂർ ജയിലിലേക്ക് മാറ്റും; ജീവിതാവസാനം വരെ തടവു ശിക്ഷ അനുഭവിക്കണം
എറണാകുളം ജില്ലാ പോക്സോ കോടതി മൂന്നു ജീവപര്യന്തമാണ് മോൻസന് വിധിച്ചത്.

കൊച്ചി: പോക്സോ കേസിൽ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ മോൻസൻ മാവുങ്കൽ ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. എറണാകുളം ജില്ലാ പോക്സോ കോടതി മൂന്നു ജീവപര്യന്തമാണ് മോൻസന് വിധിച്ചത്. ഇതിൽ രണ്ടു ജീവപര്യന്തം ജീവിതാവസാനം വരെ അനുഭവിക്കണം. പുറമേ 5.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മോൻസനെ വിയ്യൂർ ജയിലിലേക്കു മാറ്റും. കോടതി വിധിയെ മാനിക്കുന്നതായി മോൻസൻ മാവുങ്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതിയിൽ നിന്ന് പുറത്തേക്കു വരുന്നതിനിടെയാണ് മോൻസൻ മാധ്യമങ്ങളോട് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 വരെയുള്ള ദൃശ്യങ്ങൾ പരിശോധിക്കൂ എന്നാണ് മോൻസൻ മറുപടി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ എല്ലാമുണ്ട്. ആ ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും മോൻസൻ ആവശ്യപ്പെട്ടു. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി കൂടിയാണ് മോൻസൻ.

മോൻസന് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂട്ടർ പി.എ. ബിന്ദു പ്രതികരിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്ന് വ്യവസ്ഥയുള്ളതായും പ്രോസിക്യൂട്ടർ പറഞ്ഞു. പുരാവസ്തു തട്ടിപ്പുകേസിൽ മോൻസനെ ഇനിയും ചോദ്യം ചെയ്തേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →