മഹാരാഷ്ട്രയിൽ 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ലാത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വ്യാജ അക്കൗണ്ട് വഴി സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. മുഖ്യപ്രതിയും പ്രായപൂർത്തിയാകാത്ത ഒരാളും അടക്കം മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
സ്ത്രീയുടേതെന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെയാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം വഴി തന്നെ കുട്ടിയോട് സൗഹൃദം സ്ഥാപിച്ചെടുത്തു. ഇതിനിടെ ഇയാൾ താൻ പറയുന്ന സ്ഥലത്ത് കാണാൻ വരണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സ്ഥലത്തെത്തിയ കുട്ടിയോട് മറ്റൊരു ആൺകുട്ടി വന്ന് സംസാരിക്കുന്ന സാഹചര്യമുണ്ടാക്കുകയും ഇരുവരുടെയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ തെറ്റായ തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപെട്ട പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Share
അഭിപ്രായം എഴുതാം