ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

മീററ്റ്: മീററ്റില്‍ ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍. ഗോവിന്ദ്പുരിയിലെ വീട്ടിലാണ് ബി.ജെ.പി നേതാവ് നിഷാന്ത് ഗാര്‍ഗിന്റെ മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ഭാര്യ സോണിയയെ കസ്റ്റഡിയിലെടുത്തെന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു. നിശാന്ത് ഗാര്‍ഗിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോണിയയെ കസ്റ്റഡിയിലെടുത്തത്. സോണിയക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് പറഞ്ഞു. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു. നിഷാന്ത് ഗാര്‍ഗും സോണിയയും തമ്മില്‍ വഴക്കുണ്ടായെന്നും തന്നെ കൊല്ലാന്‍ നിഷാന്ത് ശ്രമിച്ചെന്നും സോണിയ പോലീസിനോട് പറഞ്ഞു. നിഷാന്ത് നാടന്‍ പിസ്റ്റല്‍ ഉപയോഗിച്ച് തനിക്കുനേരെ വെടിയുതിര്‍ത്തെന്നും എന്നാല്‍ പിടിവലിക്കിടെ നിഷാന്തിന് വെടിയേല്‍ക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ സോണിയ പറഞ്ഞതായി എസ്എസ്പി പറഞ്ഞു.

വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് നെഞ്ചില്‍ വെടിയേറ്റ നിലയില്‍ നിഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. നിഷാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് നേരത്തെ സോണിയ പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സോണിയ കൊലപാതകക്കുറ്റം സമ്മതിച്ചത്. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയതായി എസ്എസ്പി പറഞ്ഞു. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ റീജിയണല്‍ യൂണിറ്റിന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജാണ് നിഷാന്ത് ഗാര്‍ഗ്.

Share
അഭിപ്രായം എഴുതാം