ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥ കാരണം ഇൻഡിഗോ വിമാനം പാക്കിസ്ഥാന്‍റെ വ്യോമാതിർത്തിയിൽ കടന്നു. ശനിയാഴ്ച രാത്രി ഏഴരയ്ക്കു നടന്ന സംഭവത്തിന്‍റെ വിശദാംശങ്ങൾ ഞായറാഴ് വൈകിട്ടാണ് പുറത്തുവരുന്നത്.
പഞ്ചാബിലെ അമൃത്‌സറിൽ നിന്നു ഗുജറാത്തിലെ അഹമ്മദാബാദിലേക്കു പോകുകയായിരുന്ന വിമാനം രാത്രി ഏഴരയോടെയാണ് പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. എട്ടു മണിയോടെ ഇന്ത്യൻ വ്യോമാതിർത്തിയിൽ തിരിച്ചെത്തുകയും ചെയ്തു.
പ്രതികൂല സാഹചര്യം മനസിലാക്കിയ അമൃത്‌സർ എയർ ട്രാഫിക് കൺട്രോൾ പാക് അധികൃതരുമായി ടെലിഫോൺ വഴി നടത്തിയ ഏകോപനത്തിലൂടെ മറ്റ് ഗുരുതര സാഹചര്യങ്ങൾ ഒഴിവാക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ഇത്തരം സാഹചര്യങ്ങൾ അന്താരാഷ്‌ട്രതലത്തിൽ അനുവദനീയമാണെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.
മേയിൽ ഇതുപോലെ പാക് വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ കടക്കുകയും പത്തു മിനിറ്റോളം ഇവിടെ തുടരുകയും ചെയ്തിരുന്നു.