സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല

ജയ്പൂർ: രാജസ്ഥാനിൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള തർക്കങ്ങൾക്കു പിന്നാലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പാർട്ടി വിടുന്നതായും പുതിയ പാർട്ടി രൂപീകരിക്കുന്നതുമായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് വ്യക്തമാക്കി സച്ചിൻ പക്ഷം രംഗത്തെത്തി.

സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ഓർമ ദിനമായ ഞായറാഴ്ച സച്ചിൻ പൈലറ്റ് റാലി നടത്തുമെന്നും റാലിയിൽ വച്ച് പുതിയ പാർട്ടി പ്രഖ്യാപനമുണ്ടാവുമെന്നുമായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

വസുന്ധര രാജെ സർക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ പുനഃസംഘടന, ചോദ്യക്കടലാസ് ചോർച്ച പ്രശ്നത്തിൽ ഉദ്യോഗാർഥികൾക്കു നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളാണ് രാജസ്ഥാൻ സർക്കാരിനു മുന്നിൽ സച്ചിൻ ഉന്നയിച്ചിരുന്നത്.

ഹൈക്കമാൻഡുമായുള്ള ചർച്ചയിലും സച്ചിൻ ഈ ആവശ്യങ്ങൾ മുന്നോട്ടു വച്ചതായും രാഹുൽ ഗാന്ധി ഇതെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായും സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ‘പ്ര​ഗതിശീൽ കോൺ​ഗ്രസ്’ എന്ന പേരിൽ സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നും ജൂൺ 11ന് പുതിയ പാർട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നത്.

Share
അഭിപ്രായം എഴുതാം