പ്രതിഷേധത്തിനു പിന്നാലെ ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തി; നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറിൽ വന്ന പാളിച്ചയാണെന്ന് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി പറഞ്ഞു

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിനെ ചൊല്ലിയുള്ള വിവാദത്തിനൊടുവിൽ തിരുത്തി. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷ ആർഷോ എഴുതിയിരുന്നില്ല. വിഷയങ്ങൾക്കെല്ലാം പൂജ്യം മാർക്കെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതിന് താഴെ പാസ്ഡ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നാലെ കോളേജ് അധികൃതർ ലിസ്റ്റ് തിരുത്തി പ്രസിദ്ധീകരിച്ചു.

അതേസമയം, ജയിച്ചെന്ന മാർക്ക് ലിസ്റ്റ് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജിന്റെ പ്രതികരണം. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറിൽ വന്ന പാളിച്ചയാണെന്ന് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി പറഞ്ഞു. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിന്റെ ഓഫീസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധ സമരം നടത്തി. ജയിച്ചെന്ന രേഖയ്ക്ക് പിന്നിൽ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെഎസ്‌യു ആരോപിച്ചു.

Share
അഭിപ്രായം എഴുതാം