ഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കിളിമാനൂർ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭർത്താവ് മോഹനന് (70) ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. 2023 ജൂൺ 7ന് രാവിലെ 7.30ന് എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം.

വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഇരുചക്ര വാഹനത്തെ പുറകിൽ നിന്നും വന്ന ടിപ്പർ ഓവർ ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. റോഡിൽ തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരെ ഉടൻ തന്നെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. ഇരുവരും തിരുവന്തപുരത്ത് ചികിത്സാ ആവശ്യത്തിനായി പോയതായിരുന്നു. മോഹനൻ സൈന്യത്തിൽ നിന്നും വിരമിച്ചയാളാണ്.

Share
അഭിപ്രായം എഴുതാം