വ്യാജരേഖ ചമച്ച് ഗസ്‌റ്റ്‌ ലക്‌ചററായ മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തു

എറണാകുളം: വ്യാജരേഖ ചമച്ച് ഗസ്‌റ്റ്‌ ലക്‌ചററായ സംഭവത്തിൽ മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനി കെ വിദ്യയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. വ്യാജ രേഖ ചമച്ച് ഹാജരാക്കി എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ച് ഗസ്‌റ്റ്‌ ലക്‌ചററായെന്ന് കാട്ടി കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂർവ വിദ്യാർത്ഥിനി കെ വിദ്യയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലെക്ചർ ആയി ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റാണ് ചമച്ചത്. അട്ടപ്പാടി ഗവ. കോളേജിൽ രേഖകൾ ഹാജരാക്കിയപ്പോഴാണ് അവർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്താകുന്നത്.

ഒരു വർഷം മുൻപ്‌ പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർ​ഗോഡ് ജില്ലയിലെ ഒരു സർക്കാർ കോളേജിലും ഇവർ ഗസ്റ്റ് ലക്ചററായിരുന്നു. കാസർ​ഗോഡ് സ്വദേശിനിയായ പൂർവ വിദ്യാർഥിനി, എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018-ൽ മഹാരാജാസിൽനിന്ന് എം.എ നേടിയ ഇവർ കാലടി സർവകലാശാലയിൽ എം.ഫിൽ ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം