കറാച്ചി: സെപ്റ്റംബറിൽ സ്വന്തം നാട്ടിൽ നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന് പാക്കിസ്ഥാൻ പിൻമാറുമെന്നു സൂചന. പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാനാവില്ലെന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇതെത്തുടർന്ന് ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ മത്സരങ്ങൾ പാക്കിസ്ഥാനിലും ഇന്ത്യയുടെ മത്സരങ്ങളും പുറത്തും നടത്താമെന്ന നിർദേശം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടു വച്ചിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ബോർഡുകൾ ഈ നിർദേശം നിരാകരിച്ചതോടെയാണ് പാക്കിസ്ഥാൻ പ്രതിസന്ധിയിലായത്.
ടൂർണമെന്റ് മൊത്തത്തിൽ പാക്കിസ്ഥാനു പുറത്തേക്കു മാറ്റണമെന്ന ബിസിസിഐയുടെ ആവശ്യത്തെ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും പിന്തുണയ്ക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഇക്കാരണത്താലാണ് ഇവർ പാക്കിസ്ഥാൻ മുന്നോട്ടുവച്ച ബദൽ നിർദേശം തള്ളിയത്. 2023 ജൂണ്‍ മാസം നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ഇനി ടൂർണമെന്റിന്റെ വേദി മാറ്റുകയല്ലാതെ നിർവാഹമില്ലെന്നാണ് സൂചന.
അതേസമയം, ഏഷ്യ കപ്പ് നിഷ്പക്ഷ വേദിയിലേക്കു മാറ്റാനാണു തീരുമാനമെങ്കിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാൻ ബഹിഷ്കരിച്ചാലും ഏഷ്യ കപ്പ് എന്ന പേരിൽ തന്നെ ടൂർണമെന്റ് നടത്തും. എന്നാൽ, സംപ്രേഷണാവകാശം അടക്കമുള്ള കാര്യങ്ങളിൽ സാമ്പത്തിക വിഷയങ്ങൾ പുനപ്പരിശോധിക്കേണ്ടിവരും. ഇന്ത്യ – പാക് മത്സരം ഇല്ലെങ്കിൽ വരുമാനത്തെ അതു ഗണ്യമായി ബാധിക്കുമെന്ന് ഉറപ്പാണ്.