ചെന്നൈ: അരിക്കൊമ്പൻ ഹർജിയിൽ പരാതിക്കാരിയായ റെബേക്കയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ആനയെ അവിടെയും ഇവിടേയും കൊണ്ട് പോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഹർജി ഫോറസ്റ്റ് ബെഞ്ചിന് കൈമാറിയതായി മധുര ബെഞ്ച് വ്യക്തമാക്കി. ഹർജി പരിഗണിക്കേണ്ടത് ഫോറസ്റ്റ് ബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി. എന്നാൽ അടിയന്തര പ്രാധാന്യമുള്ള ഹർജിയാണിതെന്നായിരുന്നു ഹർജിക്കാരുടെ വാദം.
05/06/23 തിങ്കളാഴ്ച്ചയാണ് അരിക്കൊമ്പനെ ഉൾവനത്തിലേക്ക് അയക്കരുതെന്നും കേരളത്തിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 06/06/23 ചൊവ്വാഴ്ച വിശദവാദം കേൾക്കാമെന്നും ഹർജി മധുര ബെഞ്ചിന് കൈമാറുന്നതായും കോടതി 05/06/23 തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. മാത്രമല്ല അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് പിന്നീട് തുറന്നു വിടാൻ അനുവദിക്കുകയുമായിരുന്നു.
അതേസമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനു പിന്നാലെ അരിക്കൊമ്പനെ മതികെട്ടാൻ ചോല മേഖലയിൽ തുറന്നു വിട്ടിരുന്നു. ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയതിനെ തുടർന്ന് തേനിയിൽ നിന്നും 05/06/23 തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുകയും കുങ്കികളെ ഉപയോഗിച്ച് മതികെട്ടാൻ ചോലയിലേക്ക് എത്തിക്കുകയുമായിരുന്നു.