ഇനി ഇവളും നഷ്ട സ്വപ്നങ്ങൾക്ക് കാവലിരിക്കാൻ വിധിക്കപ്പെട്ടവൾ

കാലത്തിന്റെ കറുത്ത താളുകളിൽ ചുവന്ന മഷി കൊണ്ട് ദൈവം വരച്ചിട്ട മരണം
ഏതൊരാളുടെയും ജീവിതത്തിൽ ഏതു നിമിഷവും എത്തിനോക്കാൻ എത്തുന്ന ഒരു കോമാളിയാണ്.

സത്യമായ സ്നേഹത്തിന് മുമ്പിൽ മരണമെന്ന കോമാളി നൃത്തമാടുമ്പോൾ കണ്ണുനീരിന്റെ വിലയും സ്നേഹത്തിന്റെ അളവും എത്രയാണെന്ന് മനസിലാക്കാൻ മരണത്തിന് പറ്റുന്നില്ല. വേണ്ടപെട്ടവരെ മരണം തട്ടിയെടുക്കുമ്പോൾ മനസ് കൊണ്ട് വധിക്കപ്പെടാൻ വിധിക്കപ്പെട്ടവരുടെ വേദന ഒരാൾക്കും മനസിലാവുകയുമില്ല.

സ്വപ്നങ്ങൾ കൊണ്ട് കൊട്ടാരം കെട്ടി അതിൽ സ്നേഹം കൊണ്ടൊരു സിംഹാസനം പണിത് ഇല്ലായ്മയേയും വല്ലായ്മയേയും അതിലിറക്കി വെച്ച് ജീവിതം സന്തോഷത്തോടെ ജീവിച്ച് പോന്ന സുധിയുടെയും സുധിയുടെ വാവുട്ടന്റെയും ഇടയിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഇരച്ചുകയറിയ മരണം അവരുടെ സ്വപ്നത്തിന്റെ കൊട്ടാരം തകർത്തെറിഞ്ഞു. ഇനി ഇവളും തകർന്ന് വീണ നഷ്ട സ്വപ്നങ്ങൾക്ക് കാവലിരിക്കാൻ വിധിക്കപെട്ടവൾ.

പ്രിയപ്പെട്ടവനെ മരണം പിടിമുറുക്കി എന്നറിയുന്ന നിമിഷം മുതൽ നമ്മുടെ ഉള്ളിൽ നിന്ന് ഉയരുന്ന ഒരു തേങ്ങലുണ്ട്. ഹൃദയത്തിന്റ ഉള്ളിൽ നിന്ന് വരുന്ന ആ തേങ്ങലിൽ ജീവിതത്തിന്റെ സുഖവും ദുഃഖവും പങ്കിടാൻ ഇനി പാതി കൂടെയില്ലല്ലോ എന്ന വേദന , അത്രമേൽ ചേർന്ന് നിൽക്കുവാൻ ഇനിയാരുണ്ട് എന്ന പരിഭവം, ഒരു ജന്മത്തിന്റെ കാത്തിരിപ്പിനെ പാതി വഴിയിൽ ഉപേക്ഷിച്ച് പോയതിന്റെ നഷ്ടനോവ്. ഇതെല്ലാം ചേർന്ന് ഹൃദയത്തിന്റെ ഭിത്തികൾ തകർത്ത് നെഞ്ചിലാകെ പടർന്ന് കയറുന്ന ആ വേദനയുടെ നീറ്റൽ എന്താണെന്ന് ആ അനുഭവത്തിലൂടെ കടന്നുപോയവർക്ക് മാത്രമേ മനസിലാക്കാൻ പറ്റൂ.

പ്രിയപ്പെട്ടവർ അകലുമ്പോൾ ഉണ്ടാവുന്ന വേദനയെക്കാൾ ചുറ്റും കൂടിനിൽക്കുന്നവരുടെ ആശ്വാസ വാക്കുകൾ കൊണ്ട് മുറിയുന്ന വേദനയുടെ കാഠിന്യം ഏറെയാണ്. മരണത്തിന്റെ വിരിമാറിൽ തലചായ്ച്ചുറങ്ങുന്ന പ്രിയപ്പെട്ടവൻ മണ്ണോട് ചേർന്ന് കഴിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുന്ന പാതിയുടെ ഓരോ ശ്വാസത്തിലും നഷ്ടബോധത്തിന്റെ കനലുകൾ എരിഞ്ഞു കൊണ്ടേയിരിക്കും.

വിധിയെന്ന പേരിൽ തന്റെ സ്വപ്നങ്ങളെ കവർന്നെടുത്ത കാലത്തിനോട് പരിഭവമേതുമില്ലാതെ കാലത്തിന്റ വഴിയിൽ ഒറ്റപ്പെട്ട മനസുമായി പിന്നെയും മുന്നോട്ട്. കൊഴിഞ്ഞു വീണ പൂക്കളെ പോലെ, കഴിഞ്ഞു പോയ ദിനങ്ങളും ഇനി തിരിച്ചുവരില്ല എന്ന നിത്യസത്യത്തിലൂടെ നിഴലായി കൂടെയുള്ള ഓർമ്മകളെ ചേർത്ത് പിടിച്ച് പ്രതീക്ഷയുടെ തീരം തേടി ജീവിതത്തോണി പിന്നെയും തുഴഞ്ഞ് കൊണ്ടേയിരിക്കുന്നു.

Share
അഭിപ്രായം എഴുതാം