കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരള സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ചിരുന്നു. ജ്ഞാന സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെയാണ് നവകേരള നിര്‍മിതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെഫോണ്‍ വഴി ലഭ്യമാക്കുകയാണു ലക്ഷ്യം. നിലവില്‍ 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു. 7,000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി. ടെലികോം മേഖലയിലെ കോര്‍പറേറ്റുകള്‍ക്കെതിരായ ജനകീയ ബദലാണു കെ-ഫോണ്‍ എന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കെ- ഫോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് പൊതുജനം.
വൈദ്യുതി, ഐ ടി വകുപ്പുകള്‍ വഴിയാണു സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ സങ്കേതങ്ങളുടെ ലഭ്യത ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന വിഭജനം ഈ സര്‍ക്കാര്‍ സംരംഭം മറികടക്കുമെന്നാണു കരുതുന്നത്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ഡിജിറ്റല്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്കായി സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുകയാണു ലക്ഷ്യം. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കുകയായിരുന്നു ആദ്യഘട്ടം. തുടര്‍ന്നു പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിനെ ചുമതല ഏല്‍പ്പിച്ചു.
ഐ ടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന പദ്ധതിയാണു യാഥാര്‍ഥ്യമാകുന്നത്.സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റി തുടങ്ങി നിരവധി മേഖലകളില്‍ കെ ഫോണ്‍ സൗകര്യമൊരുക്കും. സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍, മറ്റ് ഇ- സര്‍വിസുകള്‍ക്ക് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കെ ഫോണ്‍ സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോണ്‍ വഴി സാധ്യമാവും. ഇന്റര്‍നെറ്റ് ജനതയുടെ അവകാശമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാവുന്നതോടെ കേരള മാതൃക മറ്റൊരു ചുവടുവയ്പ്പുകൂടി സാക്ഷാത്കരിക്കുന്നു.