കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്നു റെയില്‍വേ ബോര്‍ഡ് ശിപാര്‍ശ. വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസും പ്രതിപക്ഷവും രംഗത്ത്.
ദുരന്തത്തിന്റെ യഥാര്‍ഥ കാരണവും ഉത്തരവാദികളായ ‘ക്രിമിനലു’കളെയും കണ്ടെത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റമാണു അപകട കാരണം. റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെയും ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെയും സുപ്രധാനമായ ഉപകരണമാണ് ഇലക്ട്രിക് പോയിന്റ് മെഷീന്‍. പോയിന്റ് മെഷീന്റെ സെറ്റിങ് മാറ്റിയിരുന്നു. എങ്ങനെയാണ് അതു സംഭവിച്ചതെന്ന് അന്വേഷണത്തിനു ശേഷമേ പറയാന്‍ കഴിയൂ. വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല-മന്ത്രി പറഞ്ഞു. സെറ്റിങ് മാറിയതില്‍ അട്ടിമറിസാധ്യതയുണ്ടോയെന്ന സംശയം ബാക്കിവച്ചാണ് ബാലസോറില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള കുടിക്കാഴ്ച മന്ത്രി അവസാനിപ്പിച്ചത്. സംഭവത്തിലേക്കു നയിച്ച വിവിധ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ സി.ബി.ഐ. അന്വേഷണമാണ് ഉചിതമെന്നു റെയിവേ ബോര്‍ഡ് ശിപാര്‍ശ ചെയ്തതായി അശ്വിനി വൈഷ്ണവ് പിന്നീട് അറിയിച്ചു.

സിഗ്‌നലിങ്ങില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുംവരെ ഇക്കാര്യത്തില്‍ കൂടുതല്‍ പറയാനാകില്ലെന്നും റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് ബി.ഡി. അംഗം ജയ വെര്‍മ സിന്‍ഹ പറഞ്ഞു. മൂന്നു ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടില്ല. കോറമാണ്ഡല്‍ എക്സ്പ്രസ് മാത്രമാണ് അപകടമുണ്ടാക്കിയത്. ലൂപ് ലൈനില്‍ പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് കോറമാണ്ഡല്‍ ഇടിച്ചുകയറി. കൊറമാണ്ഡലിന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കിലേക്കു തെന്നിമാറി അതുവഴി കടന്നുപോയിരുന്ന ബംഗളുരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ അവസാനത്തെ രണ്ടു ബോഗികളില്‍ ഇടിക്കുകയായിരുന്നു. ചരക്കു ട്രെയിനിലെ ഇരുമ്പയിര് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചെന്നും ജയ പറഞ്ഞു.
ചില സാഹചര്യങ്ങളില്‍ ഒരു സാങ്കേതികവിദ്യയ്ക്കും അപകടമൊഴിവാക്കാന്‍ കഴിയില്ലെന്നും ജയ വെര്‍മ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സംവിധാനമായ ‘കവച്’ അപകടം നടന്ന റൂട്ടില്‍ നടപ്പാക്കിയിരുന്നില്ല. ഇപ്പോള്‍ സംഭവിച്ച അപകടം ഒഴിവാക്കാന്‍ ‘കവചി’നും കഴിയുമായിരുന്നില്ല. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കു മുന്നിലേക്കു പെട്ടെന്നു പാറക്കല്ലുകള്‍ വീഴുന്നതിനു സമാനമായ സാഹചര്യമാണ് ബാലസോറിലും സംഭവിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഒഡീഷയിലെ ബാലസോറില്‍ ബഹനാഗ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രിയാണു മൂന്നു ട്രെയിനുകള്‍ ഉള്‍പ്പെട്ട വന്‍ അപകടമുണ്ടായത്. റെയില്‍വേ വൃത്തങ്ങളില്‍ നിന്നുള്ള പത്രക്കുറിപ്പനുസരിച്ച് സംഭവത്തില്‍ 295 പേര്‍ മരിച്ചു. പരുക്കേറ്റ ഏകദേശം 1,200 യാത്രക്കാരില്‍ വിവിധ ആശുപത്രികളിലായി 260 പേര്‍ ചികിത്സയിലുണ്ട്. 04/06/23 ഞായറാഴ്ച തൊള്ളായിരത്തോളം പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍നിന്നു മാറ്റുന്ന ജോലി പൂര്‍ത്തിയായതായി റെയില്‍മന്ത്രി വ്യക്തമാക്കി. ട്രാക്ക് അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണ്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 07/06/23 ബുധനാഴ്ചയോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണതോതിലാക്കാനുള്ള ശ്രമത്തിലാണു റെയില്‍വേയെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം