എൻജിനീയറിങ് വിദ്യാർഥിനിയുടെ മരണം: കോളെജിനെതിരെ ആരോപണവുമായി കുടുംബം
മൊബൈൽ ഫോൺ കണ്ടുപിടിച്ചതിന്‍റെ വിഷമത്തിലാവാം ആത്മഹത്യ എന്നാണ് കോളെജ് അധികൃതർ പറയുന്നത്

കോട്ടയം: കാഞ്ഞിപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളെജിലെ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളെജിനെതിരെ ആരോപണവുമായി കുടുംബം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം കോളെജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോൺ കണ്ടുപിടിച്ചതിന്‍റെ വിഷമത്തിലാവാം ആത്മഹത്യ എന്നാണ് കോളെജ് അധികൃതർ പറയുന്നത്. എന്നാൽ, മൊബൈൽ പിടിച്ചതുകൊണ്ടല്ലെന്നും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ കോളെജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനു മുമ്പും മറ്റ് വിദ്യാർഥികൾ പരാതി നൽകിയിട്ടും മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

Share
അഭിപ്രായം എഴുതാം