അമിത് ഷായുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ ജോലിക്കു കയറി; സമരം തുടരും
സാക്ഷി മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷന്‍ ശരൺ സിങ്ങിനെതിരേ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തിൽ നിന്നു പിന്മാറി എന്ന തരത്തിലുള്ള വാർത്തകൾ തള്ളി സാക്ഷി മാലിക്ക്. സമരത്തിൽ നിന്നു പിന്മാറി എന്നും ജോലിയിൽ തിരികെ പ്രവേശിച്ചെന്നുമായിരുന്നു വാർത്ത. ഇതിനു പിന്നാലെയായിരുന്നു സാക്ഷി മാലിക്ക് തന്‍റെ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

” ഈ വാർത്ത തീർത്തും തെറ്റാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല, പിന്മാറിയിട്ടില്ല. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ എന്‍റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്…”

സമരത്തിൽ നിന്നും പിന്‍മാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതം താരം ട്വിറ്ററിൽ കുറിച്ചു. അതേസമയം, ജോലിയിൽ പ്രവേശിച്ചെന്ന വാർത്ത സാക്ഷി ശരിയാണെന്ന് സ്ഥിരീകരിച്ചു. സമരത്തിൽ പങ്കെടുത്ത ബജ് രംഗ് പുനിയ, സംഗീത ഫോഗട്ട് എന്നിവരും മെയ് 31 മുതൽ ജോലിയിൽ തിരികെ പ്രവേശിച്ചു.

Share
അഭിപ്രായം എഴുതാം