ഒരു തുള്ളി വെള്ളം സ്വീകരിച്ചു മരിച്ചുവീണ് അവര്‍: ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ചകള്‍

‘വലിയ ശബ്ദം കേട്ടാണ് ഞാന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയത്. ഒരു ഗുഡ്സ് ട്രെയിന്‍ ബോഗി മറ്റൊരു ട്രെയിന്റെ ബോഗിക്കു മുകളില്‍ തട്ടിനില്‍ക്കുന്നതാണു കണ്ടത്.’- ദുരന്തം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ടുട്ടു ബിശ്വാസിന്റെ വാക്കുകള്‍. ‘കരച്ചിലുകള്‍ക്ക് മധ്യത്തിലേക്കാണ് ഞാന്‍ ഇറങ്ങിയത്. എങ്ങും വേദനകളും ഞരക്കവും.
ഇതിനിടെ ഒരു കുഞ്ഞിന്റെ കരച്ചില്‍ ഞാന്‍ ശ്രദ്ധിച്ചു. മരിച്ചു കിടക്കുന്ന മാതാപിതാക്കുടെ മൃതദേഹങ്ങളില്‍ അള്ളിപ്പിടിച്ചു കരയുന്ന കുട്ടി. കുഞ്ഞിനു സാരമായി പരുക്കേറ്റിരുന്നു. ഞാന്‍ അല്‍പം വെള്ളം കൊടുത്തു. നിമിഷങ്ങള്‍ക്കുശേഷം ആ കുഞ്ഞിന്റെ ചലനവും നിലച്ചു. പരുക്കേറ്റവരില്‍ പലരും വെള്ളത്തിനുവേണ്ടി കേഴുകയായിരുന്നു. ഒരു തുള്ളി വെള്ളം സ്വീകരിച്ചു മരിച്ചുവീണ പലരെയും കണ്ടു. ഒരിക്കലും മറക്കില്ല.’

അമ്മയുടെ മൃതദേഹം കണ്ടത് സാമൂഹിക മാധ്യമങ്ങളിലൂടെ

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ അമ്മയുടെ മൃതദേഹം കണ്ടു. പക്ഷേ, അമ്മ എവിടെ? അന്വേഷിക്കാന്‍ ഒരിടവും ബാക്കിയില്ല’- പറയുന്നത് ബാലസോര്‍ സ്വദേശിയായ സൂര്യവീര്‍. അമ്മയും മുത്തശ്ശിയും കൂടിയാണു ട്രെയിനില്‍ കയറിയത്. അന്വേഷണത്തിനൊടുവില്‍ മുത്തശ്ശിയെ കണ്ടെത്തി. കൂട്ടുകാര്‍ പങ്കിട്ട ചിത്രത്തില്‍നിന്നാണ് അമ്മയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. അമ്മയുടെ അതേ സാരിയുള്ള മൃതദേഹമാണു കണ്ടെത്തിയത്. അന്വേഷണത്തിനായി പല ആശുപത്രികള്‍ സന്ദര്‍ശിക്കുക അത്ര എളുപ്പമല്ല. ബാലസോറിലേക്കുള്ള റോഡുകളെല്ലാം ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്. അമ്മയെ ഒരിക്കല്‍ക്കൂടി കാണണം, ആദരവോടെ യാത്രയാക്കണം- അദ്ദേഹം പറഞ്ഞു.

വാതിലിനടുത്ത് തെറിച്ച് വീണു: ഒടുവില്‍ രക്ഷാപ്രവര്‍ത്തകനായി

അപകടത്തിനു തൊട്ടുമുമ്പാണ് ഞാന്‍ ബെര്‍ത്തില്‍നിന്നും ഇറങ്ങിയത്. വെറുതേ വാതിലിനടുത്ത് പോയിനിന്നു. ട്രെയിന്‍ മറിഞ്ഞപ്പോള്‍ പുറത്തേക്കു തെറിച്ചുവീണു.കാര്യമായി പരുക്കുപറ്റിയില്ല. പെട്ടെന്നാണു ബെര്‍ത്തില്‍ ഇരുന്ന സഹോദരനെക്കുറിച്ച് ഓര്‍ത്തത്. മറിഞ്ഞുകിടന്ന ബോഗിയിലേക്ക് ഓടിക്കയറി. അവന്‍ സീറ്റില്‍ കുരുങ്ങിയ നിലയിലായിരുന്നു. താങ്ങിയെടുത്ത് പുറത്തെത്തിച്ചു. വീണ്ടും പലതവണ ബോഗിയിലേക്കു തിരിച്ചുകയറി. ഒരു പെണ്‍കുട്ടി അടക്കം നിരവധിപ്പേരെ പുറത്തെത്തിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് ആംബുലന്‍സ് എത്തി.
സഹോദരന്‍ അടക്കമുള്ളവരെ ആശുപത്രിയിലേക്കു മാറ്റി’- ട്രെയിന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട റിതിക് കുമാറിന്റെ മൊഴി.

Share
അഭിപ്രായം എഴുതാം