എന്താണ് ട്രെയിന്‍ അപകടം ഇല്ലാതാക്കുന്ന കവച് സുരക്ഷ?

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് കവച്. രണ്ട് ട്രെയിനുകള്‍ ഒരേപാളത്തില്‍ നേര്‍ക്കുനേര്‍ വന്നാല്‍ തനിയെ ബ്രേക്ക് ചെയ്ത് ഇരു ട്രെയിനുകളും നിര്‍ത്താന്‍ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം. ഇതില്ലാത്തതാണ് ഒഡീഷയിലെ അപകടത്തിന് പിന്നിലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 65 ട്രെയിനുകളിലും 130 ലേറെ സ്റ്റേഷനുകളിലും 1,400 കിലോ മീറ്റര്‍ ട്രാക്കിലുമാണ് കവച് സംവിധാനമുള്ളത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലാണ് കവച് ആദ്യ ഘട്ടത്തില്‍ നടപ്പാക്കിവരുന്നത്. യഥാര്‍ത്തത്തില്‍ എന്താണ് ഈ കവച് സംവിധാനം? എ്ന്താണ് അതിന്റെ പ്രത്യേകത?

ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം

രണ്ട് ട്രെയിനുകള്‍ ഒരേപാളത്തില്‍ നേര്‍ക്കുനേര്‍ വന്നാല്‍ തനിയെ ബ്രേക്ക് ചെയ്ത് ഇരു ട്രെയിനുകളും നിര്‍ത്താന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനമാണ് കവച് അഥവ ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം. 2012ലാണ് റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഈ സംവിധാനം വികസിപ്പിച്ചത്. 2016ല്‍ ട്രയല്‍ റണ്‍ തുടങ്ങി. 2022 മാര്‍ച്ച് നാലിന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഗുല്ലഗുഡ-ചിറ്റ്ഗിദ്ദ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്്ണവിന്റെ സാന്നിധ്യത്തില്‍ കവച് ആദ്യമായി വിജയകരമായി പരീക്ഷിക്കപ്പെട്ടു.

സവിശേഷതകള്‍

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഒരു ശ്രേണിയാണ് കവച്.

റേഡിയോ ഫ്രീക്വന്‍സി വഴി വിവരങ്ങള്‍ അറിയാന്‍കഴിയുന്ന സാങ്കേതിക സംവിധാനമാണ് കവചിലുള്ളത്.

റേഡിയോ ടെക്‌നോളജി, ജി പി എസ് സംവിധാനം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ട്രെയിന്‍, റെയില്‍പാളം, സ്റ്റേഷനുകള്‍ തുടങ്ങി വിവിധയിടങ്ങളിലാണ് ഇതിലെ ഉപകരണങ്ങള്‍ സ്ഥാപിക്കുക. ഒരു സിഗന്ല്‍ ശ്രദ്ധിക്കാതെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയാല്‍ ലോക്കോ പൈലറ്റിന് അപ്പോള്‍ തന്നെ വിവരം ലഭിക്കും. ഇതനുസരിച്ച് മുന്‍കരുതലെടുക്കാനും ഇതുവഴി സാധിക്കും.

ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ അത് തിരിച്ചറിയാനും സ്വയമേവ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് കൂട്ടിയിടി ഒഴിവാക്കാനും സാധിക്കും

അമിതവേഗം തടയാന്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ലെവല്‍ ക്രോസ്സിംഗ് ഗേറ്റിനടുത്ത് എത്തുമ്പോള്‍ ഓട്ടോ വിസിലിംഗ്, അടിയന്തര സാഹചര്യങ്ങളില്‍ എസ് ഒ എസ് സന്ദേശങ്ങള്‍ അയക്കല്‍ എന്നിവ സൗകര്യങ്ങളുമുണ്ട്.

നെറ്റ്്വര്‍ക് മോണിറ്ററിംഗ് സിസ്റ്റം വഴി ട്രെയിന്‍ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കും.

10,000 വര്‍ഷത്തില്‍ ഒരു തെറ്റ് മാത്രം സംഭവിക്കാനുള്ള സാധ്യതയേ ഇതിനുള്ളൂ എന്നാണ് കവച് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.

സേഫ്റ്റി ഇന്റഗ്രിറ്റി ലെവല്‍ നാല് സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിന്‍ കൂട്ടിയിടി സംരക്ഷണ സംവിധാനമാണ് കവച്. ഒരു കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ 50 ലക്ഷം രൂപ എന്ന കണക്കിലാണ് കവച് സുരക്ഷയൊരുക്കാന്‍ വരുന്ന ചെലവ്. ആഗോള തലത്തില്‍ ഇത് രണ്ട് കോടി രൂപയോളം വരും.

Share
അഭിപ്രായം എഴുതാം