സമൂഹത്തില്‍ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കെ ഫോണ്‍ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാസർകോഡ് ജില്ലയിലെ മടിക്കൈയില്‍ നടന്നു. കേരളാവിഷനിലൂടെ ഇന്റര്‍നെറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തിലും കണക്ഷനുകള്‍ നല്‍കി തുടങ്ങി. പദ്ധതിയുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ടെലികോം മേഖലയിലെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ ഫോണ്‍ പദ്ധതി എന്നും കേരളാ വിഷന്‍ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി കണക്ഷനുകള്‍ നല്‍കാന്‍ തയ്യാറായി വന്നത് സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ കുതിരുമ്മല്‍ സന്തോഷിന്റെ കുടുംബത്തിന് ആദ്യ കണക്ഷന്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു.
