തീർഥാടനം അവനവനിലേക്കുള്ള യാത്രകളാവണം: മുഖ്യമന്ത്രി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അവനവനിലേക്കുള്ള യാത്രയാണ് ഓരോ തീർത്ഥാടനവും. എങ്കിലേ ആത്മവിമർശനവും മാനസികാവബോധത്തിന്റെ ഉയർച്ചയും സാധ്യമാവു. അതിനുള്ള ഉപാധിയായി തീർഥാടനങ്ങളെ മാറ്റി തീർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് തീർഥാടനം കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവും. വടക്കെ മലബാറിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. ആദ്യ ഘട്ടമാണിത്. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് ഇവിടെ ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഒരു കോടി രൂപയാണ് കണ്ണൂരിൽ ഹജ്ജ് തീർഥാടന ഒരുക്കങ്ങൾക്കായി അനുവദിച്ചത്. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് എട്ട് കോടി രൂപ ചെലവഴിച്ച് സ്ത്രീകൾക്ക് മാത്രമായി 31000 ചതുരശ്ര അടിയിൽ ഒരു പ്രത്യേക ബ്ലോക്ക് നിർമ്മിച്ചു. സർക്കാറിന്റെ കരുതലിന്റെ ഭാഗമാണിത്. ഹജ്ജ് തീർഥാടനത്തിൽ മാത്രമല്ല മറ്റെല്ലാ മേഖലയിലും സർക്കാറിന്റെ കരുതൽ സ്പർശം ഉണ്ട്. അത് ഇനിയും തുടരും. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുവായ വികസന പദ്ധതികൾക്ക് പുറമെ ചില വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കുമായി സവിശേഷമായ പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിലൊന്നാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്. ആറര കോടി രൂപയാണ് അതിനായി ഈ വർഷം വകയിരുത്തിയത്. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷറന് ഓഹരി മൂലധനമായി 13 കോടി രൂപ വകയിരുത്തി. വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. വഖഫ് വസ്തുക്കളുടെ ഡിജിറ്റൽ സർവ്വെ നടപടികൾ പൂർത്തിയാക്കും. സർക്കാറിന്റെ ക്ഷേമ പ്രവൃത്തികൾ അനുഭവിക്കാത്ത ഒരാളും, ഒരു പ്രദേശവും ഉണ്ടാവരുത് എന്നതാണ് ലക്ഷ്യം-മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്കുള്ള ബോർഡിംഗ് പാസ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. തീർഥാടകനായ ഇരിട്ടി സ്വദേശി കെ.പി മുസ്തഫ ആദ്യ ബോർഡിങ്ങ് പാസ് ഏറ്റുവാങ്ങി.

നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. തുറമുഖ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായി. എം.പിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, പി സന്തോഷ് കുമാർ, എം.എൽ.എമാരായ കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് മുഹ്സിൻ, അഡ്വ. പി.ടി.എ റഹീം, കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫ. ശംസുദ്ദീൻ പാലക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം