വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു

വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ തന്നിഷ്ടപ്രകാരമുള്ള നടപടി ഭരണഘടനയുടെയും ധന ഉത്തരവാദിത്വനിയമത്തിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണിത്. കേന്ദ്രത്തിനു ബാധകമായ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിഷേധിക്കുന്നതിന്റെ നിയമവിരുദ്ധതയും കോടതിയില്‍ ചോദ്യംചെയ്യാനാണു നീക്കം.

അതേസമയം, വായ്പാപരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനു വിശദീകരണം നല്‍കാന്‍ കേന്ദ്രധനമന്ത്രാലയം സന്നദ്ധതയറിയിച്ചു. 2023-24 സാമ്പത്തികവര്‍ഷത്തെ വിശദമായ ധനകാര്യപദ്ധതി ലഭ്യമാക്കാമെന്നാണ് അറിയിപ്പ്. സംസ്ഥാനത്തിന് അര്‍ഹമായ വായ്പയുള്‍പ്പെടെ ധനകാര്യപദ്ധതിയുടെ വിശദാംശം ആവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കേന്ദ്രധനമന്ത്രാലയത്തിനു കത്തയച്ചിരുന്നു. അതിനുള്ള മറുപടിയിലാണു വിശദമായ ധനകാര്യപദ്ധതി അറിയിക്കാമെന്ന ഉറപ്പ്. അതുകൂടി ലഭിച്ചശേഷമാകും സംസ്ഥാന സര്‍ക്കാര്‍ നിയമനടപടികളിലേക്കു കടക്കുക. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു കേന്ദ്രനടപടിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായമുയര്‍ന്നത്. കേന്ദ്രധനകാര്യ കമ്മിഷന്‍ ശിപാര്‍ശപ്രകാരം കേരളത്തിനു ജി.എസ്.ഡി.പിയുടെ 3% വായ്പയെടുക്കാമെന്നിരിക്കേയാണു വായ്പാപരിധി പകുതിയിലേറെ വെട്ടിക്കുറച്ചത്. ധന ഉത്തരവാദിത്വനിയമപ്രകാരം ധനക്കമ്മി 3% വരെയാകാം. കേരളത്തിനു നിലവില്‍ അത് 2.2% മാത്രമാണ്. എന്നിട്ടും വായ്പാപരിധി വെട്ടിക്കുറച്ചതു ഭരണഘടനപ്രകാരമുള്ള ഫെഡറല്‍ തത്വങ്ങളുടെയും ധനഉത്തരവാദിത്വ നിയമത്തിന്റെയും ലംഘനമാണെന്നാണു സംസ്ഥാനസര്‍ക്കാരിന്റെ ആരോപണം. കിഫ്ബി, പെന്‍ഷന്‍ ഫണ്ട് എന്നീ ബാധ്യതകളാണു വായ്പാപരിധി വെട്ടിക്കുറയ്ക്കാന്‍ കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സമാനമായ രീതിയില്‍ സ്വതന്ത്ര ഏജന്‍സികളിലൂടെ കേന്ദ്രസര്‍ക്കാരും ഫണ്ട് സമാഹരിക്കുന്നുണ്ട്. അത് ബജറ്റ് ചെലവായി കണക്കാക്കാത്ത സാഹചര്യത്തില്‍ കേരളത്തിനു മാത്രം എങ്ങനെ നിയന്ത്രണം ബാധകമാകുമെന്ന ചോദ്യവും സംസ്ഥാനസര്‍ക്കാര്‍ ഉന്നയിക്കുന്നു.

Share
അഭിപ്രായം എഴുതാം