നിലനില്‍പ്പില്‍ ആശങ്കയില്‍ മിയ്തി വിഭാഗം: മണിപ്പൂര്‍ രാജ്യത്തിന് തലവേദനയാവുന്നുവോ?

സംവരണം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്ന പാഠം നല്‍കുകയാണ് മണിപ്പൂര്‍. വംശീയ സംഘര്‍ഷം രൂക്ഷമായി തുടരവേ സിവിലിയന്മാരെ ആക്രമിച്ച 40 ഭീകരരെ വധിച്ചുവെന്ന മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്രസേന കൂടുതലായി എത്തിയിട്ടും കരസേനാ മേധാവി തന്നെ നേരിട്ടു രംഗത്ത് ഇറങ്ങിയിട്ടും സംഘര്‍ത്തിന് അയവില്ലാത്ത നിലയാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ഇത്രയും ആളുകളുടെ കൂട്ടക്കുരുതി. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മുതല്‍ ഇംഫാല്‍ താഴ്വരയിലും പരിസരത്തുമുള്ള അഞ്ച് സ്ഥലങ്ങളിലും ഒരേ സമയം ആക്രമണം നടത്തിയ കലാപകാരികളെ വധിച്ചതായാണ് സേനയുടെ അവകാശവാദം. സുരക്ഷാ സേനയും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടുരുന്നിടത്തോളം ആള്‍നാശം വര്‍ധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.

കോടതി ഉത്തരവിന് പിന്നാലെ പൊട്ടിപുറപ്പെട്ട കലാപം

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മിയ്തി വിഭാഗത്തിനു പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കം കടുത്ത പ്രതിഷേധത്തിനും വംശീയ കലാപത്തിനും കാരണമായി മാറുകയായിരുന്നു. മേയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇതിനകം ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. 30000 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. മിയ്തി വിഭാഗത്തിനു പട്ടിക വര്‍ഗ പദവി നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിനു ശിപാര്‍ശ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ ഉത്തരവിനെതിരേ സംസ്ഥാനത്തെ 36 പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ സംഘടനയായ ഓള്‍ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ സമരത്തോടെയാണ് മണിപ്പൂരിനെ അശാന്തമാക്കിയ സംഘര്‍ഷങ്ങളുടെ തുടക്കം.

മണിപ്പൂരിന്റെ സാമൂഹികഘടന

മണിപ്പൂരിന്റെ ഭൂമിശാസ്ത്രവും സാമൂഹികഘടനയും വളരെ വ്യത്യസ്തമാണ്. സംസ്ഥാന ഭൂവിസ്ത്രിതിയില്‍ പത്തു ശതമാനം വരുന്ന ഇംഫാല്‍ താഴ്വരയിലാണ് രാജ്യത്തെ 53 ശതമാനത്തോളം വരുന്ന മിയ്തി വിഭാഗം തിങ്ങിപ്പാര്‍ക്കുന്നത്. കുകി, നാഗാ തുടങ്ങിയ പ്രധാന ഗോത്രങ്ങളടക്കം 36 ഗോത്രവര്‍ഗങ്ങള്‍ മലനിരകളിലും കഴിയുന്നു. കുകി, നാഗാ അടക്കമുള്ള ഗോത്രങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവിയുണ്ട്. ഇവര്‍ പാര്‍ക്കുന്ന സംസ്ഥാനത്തിന്റെ 90 ശതമാനത്തോളം വരുന്ന മലനിരകളും അതിനാല്‍ സംരക്ഷിത മേഖലയാണ്. ഇവിടെയുള്ളവര്‍ കൈവശം വയ്ക്കുന്ന ഭൂമി പുറത്തുനിന്നുള്ളവര്‍ക്കു വാങ്ങാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. എന്നാല്‍, 10 ശതമാനം വരുന്ന മിയ്തി വിഭാഗത്തിന്റെ ഇംഫാലിലെ ഭൂമി വാങ്ങാനോ വില്‍ക്കാനോ വിലക്കില്ല. സാമ്പത്തികമായി മുന്നില്‍നില്‍ക്കുന്ന കുകി, നാഗാ ഗോത്രങ്ങളില്‍പ്പെട്ടവരും ബംഗ്ലാദേശ്, മ്യാന്‍മാര്‍ തുടങ്ങി അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരും മിയ്തി വിഭാഗത്തിന്റെ പ്രദേശം കൈയടക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നു. നിലനില്‍പ്പില്‍ ആശങ്കയേറിയതോടെയാണ് മിയ്തി വിഭാഗം കോടതിയിലേക്ക് നീങ്ങിയത്. ഗോത്രമേഖലകളുടെ ഭരണം നിര്‍വഹിക്കുന്നതു ഭരണഘടനാപരമായി രൂപം നല്‍കിയ പ്രത്യേക ഹില്‍ ഏരിയാസ് കമ്മിറ്റിയാണ്. ഇത്തരമൊരു പരിരക്ഷ തങ്ങള്‍ക്കും വേണമെന്നതു കാലങ്ങളായി മിയ്തി വിഭാഗത്തിന്റെ ആവശ്യമാണ്. സമാധാനം നഷ്ടപ്പെടുത്തുന്നുവെന്നും തങ്ങളുടെ ജനസംഖ്യ കുറയുന്നതായും മിയ്തി ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് 2012-ല്‍ ആണ് മിയ്തി വിഭാഗം കോടതിയെ സമീപിച്ചത്. ഒരു പതിറ്റാണ്ടിനുശേഷം 2023 മാര്‍ച്ചില്‍ മിയ്തി വിഭാഗത്തെ പട്ടികവര്‍ഗ സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവില്‍ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് കോടതി ഉത്തരവിനോട് യോജിക്കാന്‍ കഴിയുമായിരുന്നില്ല. ഹൈക്കോടതി വിധിയെ വിമര്‍ശിക്കുന്ന സമീപനമാണ് സുപ്രീം കോടതിയില്‍ന്നിന്നും ഉണ്ടായത്. ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്ന് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രേഖപ്പെടുത്തുകയുണ്ടായി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യേണ്ടത് ആണെന്നും ജസ്റ്റിസ് മുരളീധരനു സ്വയം തിരുത്താന്‍ സമയം നല്‍കിയിട്ടും ചെയ്തില്ലെന്നും ഭരണഘടനാ ബെഞ്ചിനെ പിന്തുടര്‍ന്നില്ലെങ്കില്‍ എന്തുചെയ്യണമെന്നു വ്യക്തമാണെന്നും സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ പറഞ്ഞു. ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലായതിനാല്‍ മാത്രമാണ് ഉത്തരവ് സ്റ്റേ ചെയ്യാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം