ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ കാല്‍ നഷ്ടപ്പെട്ടവർ, അവർ ഇരുപത് പേരുണ്ടായിരുന്നു. പരസഹായമോ ഊന്നുവടിയോ ഇല്ലാതെ ഒരടി മുന്നോട്ട് വെക്കാനാവാത്തവർ. ഊന്നുവടി കാലിനു പകരമാക്കിയവർ. എന്നാല്‍ ഇനി ഊന്നുവടിയോ പരസഹായമോ ഇല്ലാതെ അവര്‍ സ്വന്തം കാലില്‍’ നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാശുപത്രിയും ചേര്‍ന്ന് 20 പേര്‍ക്ക് ആധുനിക കൃത്രിമക്കാല്‍ നല്‍കി. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.

സ്വകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള ഹെടെക് എന്റോസ്‌കെലിറ്റന്‍ കാലുകളാണ് വിതരണം ചെയ്തത്. ചെലവ് കുറക്കാന്‍ ജില്ലാശുപത്രി ലിമ്പ് ഫിറ്റിംഗ് സെന്ററിലാണ് ഇവ നിര്‍മ്മിച്ചത്. പദ്ധതിക്കായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പരിപാലനം ജില്ലാ അശുപത്രിയില്‍ സൗജന്യമായി ചെയ്യും. കൃത്രിമ കാല്‍ ആവശ്യമുള്ളവര്‍ക്ക്് ലിമ്പ് ഫിറ്റിംഗ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ലക്ഷങ്ങള്‍ വിലയുള്ള കാല്‍ സൗജന്യമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട കാര്‍ത്തികപുരം സ്വദേശി ഇ എം ശരത് പറഞ്ഞു.

ഒറ്റക്കാലിലല്ല ഇനി ‘വിസ്മയ’ച്ചുവടുകള്‍

ചുവടുകൾക്കൊത്ത് കൃത്രിമ കാല്‍ വഴങ്ങാന്‍ മടിച്ചതോടെയാണ് വിസ്മയ ഒറ്റക്കാലില്‍ നൃത്തം തുടങ്ങിയത്. 700 ഓളം വേദികളില്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അവള്‍ വിസ്മയമായി. ജില്ലാ പഞ്ചായത്തും ജില്ലാശുപത്രിയും ചേര്‍ന്ന് ആധുനിക കാല്‍ നല്‍കിയതോടെ രണ്ടു കാലുമുപയോഗിച്ച് നൃത്തം ചെയ്യാനാകും എന്ന ആഹ്ലാദത്തിലാണ് ഈ യുവ നര്‍ത്തകി. ജന്മനാ വലത് കാലില്ലാത്ത തളിപ്പറമ്പ് പട്ടുവം സ്വദേശിനിയായ വിസ്മയ പൊയ്ക്കാലില്‍ തുടങ്ങിയ നൃത്തം വേദികള്‍ കടന്ന് വിദേശങ്ങളില്‍ വരെ എത്തി. അനായാസം ചലിപ്പിക്കാനാകുന്ന കാല്‍ ലഭിച്ചത് നൃത്തത്തിന് ഏറെ ഗുണം ചെയ്യുമെന്ന് വിസ്മയ പറഞ്ഞു. പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാർത്ഥിനിയാണ് വിസ്മയ.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ, ഡോക്ടര്‍മാരായ മായ ഗോപാലകൃഷ്ണന്‍, കെ പി മനോജ്കുമാര്‍, സി രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം