ജില്ലാതല പ്രവേശനോത്സവം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ.എം അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്തു. നല്ല കെട്ടിടങ്ങള്‍, ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. ക്ലാസ് ആരംഭിക്കുന്നതിനു മുമ്പ് പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണാവബോധം കുട്ടികളില്‍ തന്നെ ആരംഭിക്കണം. എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കേണ്ടത്, ശേഖരിക്കേണ്ടത് എന്നതിനെ കുറിച്ചെല്ലാം കുട്ടികള്‍ക്കും അറിവ് ഉണ്ടാകണം. മാലിന്യ സംസ്‌കരണം സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും മേയര്‍ പറഞ്ഞു. ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് പ്രവര്‍ത്തന പദ്ധതി പ്രഖ്യാപനവും മേയര്‍ നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ക്യാമ്പയിന്‍ വളരെയധികം ഫലപ്രദമായതിന്റെ ഫലമാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വരുന്നതെന്ന് ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു ഹൈബി ഈഡന്‍ എംപി പറഞ്ഞു. കുട്ടികളില്‍ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നല്‍കണമെന്നും എംപി പറഞ്ഞു. ചടങ്ങില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
പൊതു വിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയിലാണെന്ന് അധ്യക്ഷത വഹിച്ച ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ജല തരംഗം എന്ന പേരില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സമഗ്ര ശിക്ഷ കേരള ഡിപിസി ബിനോയ് കെ ജോസഫ്, ജില്ല വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്ത്, കൗണ്‍സിലര്‍ പത്മജ മേനോന്‍, വിദ്യാഭ്യാസ റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ് ശ്രീദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എസ് ദീപ, വിദ്യാകിരണം കോ ഓഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍, കൈറ്റ് കോ ഓഡിനേറ്റര്‍ സ്വപ്ന ജെ നായര്‍, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ ടി.സതീഷ് കുമാര്‍, സമഗ്ര ശിക്ഷ കേരള ഡിപിഒ മെര്‍ലിന്‍ ജോര്‍ജ്, ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി റാം, ഹെഡ്മിസ്ട്രസ് ലതിക പണിക്കര്‍, യുപി വിഭാഗം ഹെഡ്മിസ്ട്രസ് കെ.ജയ, എല്‍പി വിഭാഗം ഹെഡ്മിസ്ട്രസ് സി.ജെ സാബു ജേക്കബ്, ഗവണ്‍മെന്റ് മോഡല്‍ നഴ്‌സറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.എ ആന്‍സി, പ്രോഗ്രാം കണ്‍വീനര്‍ പി.എ നിഷാദ് ബാബു, പിടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.