86 -മത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ അധികൃതർ പിടികൂടി

ഇറ്റലി : 86 -ാമത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവിൽ അധികൃതർ പിടികൂടി. അമ്മയുടെ പെൻഷൻ തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ച് വച്ചതെന്ന് മകൻ പിന്നീട് പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത് എന്ന സ്ത്രീയാണ് ആറ് വർഷം മുമ്പ് തന്റെ 86 -മത്തെ വയസിൽ മരിച്ചത്. അമ്മ മരിച്ചതിന് പിന്നാലെ മകൻ, മൃതദേഹം പൊതിഞ്ഞ് മമ്മിഫൈ ചെയ്ത് അമ്മയുടെ കട്ടിലിൽ തന്നെ കിടത്തുകയായിരുന്നു. ഇയാളും അതെ വീട്ടിലാണ് ജീവിച്ചത്. ഇതിനിടെ ഇയാൾ അമ്മ, ജർമ്മനിയിലെ അവരുടെ വീട്ടിലേക്ക് പോയതായി അയൽവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ആറ് വർഷത്തിനിടെ അമ്മയുടെ പെൻഷൻ തുകയായ ഏകദേശം 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇത്തരത്തിൽ ഇയാൾ കൈപ്പറ്റി. അതേ സമയം ഹെൽഗയുടെ ഹെൽത്ത് കാർഡ് കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരു തവണ പോലും ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. ആറ് വർഷത്തെ പെൻഷൻ തുക മുഴുവൻ വാങ്ങുകയും എന്നാൽ ഹെൽത്ത് കാർഡ് ഉപയോഗിച്ച് ഒരു രോഗത്തിന് ഒരിക്കൽ പോലും, എന്തിന് കൊവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതർക്ക് സംശയം തോന്നി. ഇതേ തുടർന്ന് അധികൃതർ ഹെൽഗയുടെ അപ്പാർമെൻറിൽ പരിശോധന നടത്തുകയായിരുന്നു.

ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും പരിശോധന നടക്കുമ്പോൾ ഹെൽഗയുടെ 60 കാരനായ മകൻ അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നു. എന്നാൽ, ഹെൽഗയുടെ മൃതദേഹം പൊതിഞ്ഞ് മമ്മിയാക്കിയ നിലയിൽ അവരുടെ കിടക്കയിൽ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് പ്രോസിക്യൂട്ടർമാരായ ബ്രൂണോ ബ്രൂണിയും ആൽബെർട്ടോ സെർഗിയും ചേർന്ന് ഹെൽഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവിട്ടു. ഇങ്ങനെയാണ് ഹെൽഗ ആറ് വർഷം മുമ്പ് മരിച്ചതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവരുടെ 60 കാരനായ മകൻ പോലീസിൽ കീഴടങ്ങുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊവിഡ് കാലത്ത് പോലും ഒരു മെഡിക്കൽ ക്ലെയിം പോലും ചെയ്യാതിരുന്ന സ്ത്രീയുടെ പെൻഷൻ കഴിഞ്ഞ ആറ് വർഷമായി അവരുടെ മകന് എങ്ങനെ പിൻവലിക്കാൻ സാധിച്ചുവെന്നതാണ് ഇപ്പോൾ അധികൃതരെ കുഴയ്ക്കുന്നത്. നെതർലാന്റിലും സമാനമായൊരു കേസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന്, 82 വയസുള്ളയാൾ 101 -ാം വയസിൽ മരിച്ച പിതാവിന്റെ മൃതദേഹം അദ്ദേഹത്തെ വിട്ട് പിരിയാൻ ആഗ്രഹമില്ലാത്തതിനാൽ വീട്ടിനുള്ളിൽ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം