മണിപ്പൂരില്‍ ആയുധങ്ങള്‍ കൊള്ളയടിക്കുന്ന ജനക്കൂട്ടം

മണിപ്പുരില്‍ കലാപം അടിച്ചമര്‍ത്താന്‍ ശ്രമം തുടരുന്നതിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ചു ജനക്കൂട്ടം. 2023 മെയ് 28 നു സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 കുക്കി തീവ്രവാദികളാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണു ജനക്കൂട്ടം ഖാബേസോയിയിലെ 7 മണിപ്പുര്‍ റൈഫിള്‍സിന്റെ കേന്ദ്രം, ദൂലാഹ്ലെനിലെ സെക്കന്‍ഡ് മണിപ്പുര്‍ റൈഫിള്‍സ് കേന്ദ്രം, തൗംബാലിലെ തേര്‍ഡ് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ആയുധക്കൊള്ള നടത്തിയത്. ആയിരത്തിലേറെ ആയുധങ്ങള്‍ ജനക്കൂട്ടം തട്ടിയെടുത്തെന്നാണു റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഓഫീസര്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാമെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സൈന്യം, കേന്ദ്ര അര്‍ധ സൈനിക വിഭാഗം, മണിപ്പുര്‍ പോലീസ് കമാന്‍ഡോകള്‍, മണിപ്പുര്‍ ദ്രുത കര്‍മസേന എന്നിവയുടെ നേതൃത്വത്തിലാണു കലാപകാരികളെ അടിച്ചമര്‍ത്താനുള്ള ശ്രമം. ഇംഫാല്‍ താഴ്വരയിലും ചുറ്റുമുള്ള ജില്ലകളിലും സുരക്ഷാ സേന ഓപ്പറേഷന്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇംഫാല്‍ താഴ്വരയോടു ചേര്‍ന്നുള്ള സെക്മായി, സുഗ്ണു, കുംബി, പയേങ്, സെറോ എന്നിവിടങ്ങളില്‍ കുക്കി തീവ്രവാദി സംഘടനകള്‍ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. സെക്മായി ഒഴികെ മറ്റിടങ്ങളില്‍ വെടിവയ്പ് തുടരുകയാണ്. റോഡുകളിലും മറ്റും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

30/05/23 ചൊവ്വാഴ്ച ജനക്കൂട്ടം ബി.ജെ.പി. എം.എല്‍.എയുടെ വീട് തകര്‍ത്തു. മൂന്നു ഗ്രാമങ്ങളിലായി 200 വീടുകള്‍ തകര്‍ത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരില്‍ ത്രിദിന സന്ദര്‍ശനത്തിലുള്ളതിനാല്‍ അക്രമബാധിത മേഖലകളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ സുരക്ഷാ സേനയ്ക്കു നേരേ ആക്രമണത്തിനൊരുങ്ങിയ ആയുധധാരികളായ മൂന്നു പേര്‍ അറസ്റ്റിലായി. ഇവരില്‍നിന്നു ചൈനീസ് നിര്‍മിത ആയുധങ്ങളുള്‍പ്പെടെ കണ്ടെടുത്തു. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയും സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ അമിത് ഷാ സുരക്ഷായോഗങ്ങള്‍ വിളിച്ചുചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ 27 നു മണിപ്പൂരിലെത്തി ക്രമസമാധാന നില വിലയിരുത്തിയിരുന്നു. എം-16, എ.കെ-47 തോക്കുകളും സ്നൈപ്പര്‍ തോക്കുകളും ഉപയോഗിച്ചു സാധാരണക്കാര്‍ക്കുനേരേ കലാപകാരികള്‍ ആക്രമണം നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു. സംവരണാനുകൂല്യങ്ങളും വനഭൂമിയിലേക്കുള്ള പ്രവേശനവും നല്‍കുന്ന പട്ടികവര്‍ഗ (എസ്.ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരേ ആദിവാസി ഗ്രൂപ്പുകള്‍, പ്രധാനമായും കുക്കികള്‍ പ്രതിഷേധിച്ചതോടെയാണ് കലാപത്തിനു തുടക്കം. ഇതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള സമാധാന കരാറില്‍നിന്നു കുക്കി തീവ്രവാദികള്‍ പിന്മാറുകയായിരുന്നു. ഈ മാസം മൂന്ന്, നാല് തീയതികളില്‍ മെയ്തേയ് വിഭാഗവും കുക്കി ഗോത്രവും തമ്മിലുണ്ടായ വംശീയകലാപത്തില്‍ 75 പേരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കലാപം വീണ്ടും ശക്തിപ്രാപിച്ചു. ഇതോടെ ആകെ മരണം 115 കവിഞ്ഞു.

Share
അഭിപ്രായം എഴുതാം