പൊറോട്ട നൽകാൻ വൈകിയതിനെ തുടർന്ന് തട്ടുകട അടിച്ചുതകർത്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറുപേരെപോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടിൽ ജിതിൻ ജോസഫ് (28), എസ്.എച്ച്. മൗണ്ട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പിൽ വീട്ടിൽ സഞ്ജു കെ.ആർ.(30), ഇയാളുടെ സഹോദരനായ കണ്ണൻ കെ.ആർ. (33), പാറമ്പുഴ മാമ്മുട് വട്ടമുകൾ കോളനിയിൽ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടിൽ വീട്ടിൽ നിധിൻ (28) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് 28 ഞായറാഴ്ച രാത്രി 9.30-നാണ് കേസിന് ആസ്പദമായ സംഭവം

തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. അക്രമം നടക്കുന്നതിന് ഒരുമണിക്കൂർ മുൻപ് രണ്ടുപേർ തട്ടുകടയിലെത്തി പൊറോട്ട ഓർഡർ ചെയ്ത സമയത്ത് 10 മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവർ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അവിടെനിന്ന് പോയി. അതിനുശേഷമാണ് സംഘം ചേർന്ന് ഇവർ തട്ടുകടയിൽ തിരിച്ചെത്തി ആക്രമണം നടത്തിയത്. ഇവർ തട്ടുകട അടിച്ചു തകർക്കുകയും ഉടമയെയും, ജീവനക്കാരെയും മർദ്ദിക്കുകയും, കയ്യിലിരുന്ന ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു.

Share
അഭിപ്രായം എഴുതാം