ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി മോദി തന്നെയാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 1927-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലവിലെ പാര്‍ലിമെന്റ് മന്ദിരം സര്‍ക്കാരിന്റെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം പണിയാന്‍ ലോക്സഭയും രാജ്യസഭയും പ്രമേയം പാസാക്കിയത്. ആറേക്കറോളം സ്ഥലത്താണ് പാര്‍ലമെന്റ് വളപ്പ്.പരവതാനിയുടെ നിറത്തില്‍നിന്ന് ലോക്‌സഭയെയും രാജ്യസഭയെയും തിരിച്ചറിയാം. ലോക്‌സഭയില്‍ പച്ച നിറത്തിലും രാജ്യസഭയില്‍ ചുവന്ന നിറത്തിലുമുള്ള പരവതാനിയാണ് വിരിക്കുന്നത്. കുതിരാലയത്തിന്റെ മാതൃകയിലാണ് ലോക്‌സഭയിലെ സീറ്റുകളുടെ രൂപകല്പന. 550-ലേറെ അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ട്. ഭരണകക്ഷി അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് അഭിമുഖമായി വലതുഭാഗത്തും പ്രതിപക്ഷ അംഗങ്ങള്‍ ഇടതുഭാഗത്തും ഇരിക്കും. സ്പീക്കറാണ് ലോക്‌സഭാധ്യക്ഷന്‍.വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന് 12 പ്രവേശന കവാടങ്ങളാണുള്ളത്. ജ്ഞാന ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാകും പ്രധാന കവാടങ്ങളുടെ പേരുകള്‍.ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്‌സഭാ ചേംബര്‍. രാജ്യസഭാ ചേബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും.

പുതിയ മന്ദിരത്തിന്റെ സവിശേഷതകള്‍
64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാന്‍ പൊതുസ്ഥലമായി സെന്‍ട്രല്‍ ലോഞ്ച് ഉണ്ടാകും. ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആല്‍മരവുമുണ്ടാകും.
സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം. ലോക്സഭ, രാജ്യസഭ, സെന്‍ട്രല്‍ ലോഞ്ച്, ഭരണഘടനാ അധികാരികളുടെ ഓഫീസുകള്‍ എന്നിവയാ പുതിയ കെട്ടിടത്തില്‍ ഉണ്ടാവുക.
പുതിയ മന്ദിരം രാഷ്ട്രപതി ഭവന്‍ പോലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട പൈതൃക കെട്ടിടങ്ങളില്‍ നിന്നുള്ള വിവിധ വാസ്തുവിദ്യാ സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നതായി സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ പറയുന്നു.
പഴയ കെട്ടിടം തുടര്‍ന്നും ഉപയോഗിക്കും. രണ്ട് കെട്ടിടങ്ങളും പരസ്പരം പൂരകമാക്കുക എന്നതാണ് അടിസ്ഥാന വാസ്തുവിദ്യാ തന്ത്രം. സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതി പ്രകാരം, പഴയ കെട്ടിടത്തിന്റെ ചരിത്രപരമായ പൈതൃകം നിലനിര്‍ത്താന്‍ പൂര്‍ണ ശ്രദ്ധ ചെലുത്തും.

പുതിയ കെട്ടിടം നിര്‍മ്മിച്ചതിന് ശേഷം യഥാര്‍ത്ഥ പാര്‍ലമെന്റ് മന്ദിരത്തിന്റെ ദൃശ്യപരതയ്ക്ക് മാറ്റമില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പാര്‍ലമെന്റ് കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന എല്ലാ പ്രതിമകളും പുനഃസ്ഥാപിക്കും.
പുതിയ കെട്ടിടത്തില്‍ ആറ് കമ്മിറ്റി മുറികളാണുള്ളത്. നിലവിലെ കെട്ടിടത്തില്‍ അത്തരം മൂന്ന് മുറികളുണ്ട്.
മന്ത്രിസഭയുടെ ഉപയോഗത്തിനായി 92 മുറികളുണ്ടാകും.
പുതിയ കെട്ടിടത്തില്‍, ലോക്സഭയിലെയും രാജ്യസഭയിലെയും ഓരോ ബെഞ്ചിലും രണ്ട് അംഗങ്ങള്‍ക്ക് വീതം ഇരിക്കാം. ഓരോ സീറ്റിലും ഡിജിറ്റല്‍ സംവിധാനങ്ങളും ടച്ച് സ്‌ക്രീനുകളും സജ്ജീകരിക്കും.
ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് യോഗം ചേരുന്നതിനായി ഒരു സെന്‍ട്രല്‍ കോര്‍ട്ട് യാഡ് ഉണ്ടാകും.
ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ മന്ദിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി പുതിയ കെട്ടിടത്തില്‍ ഒരു ഭരണഘടനാ ഹാള്‍ ഉണ്ടായിരിക്കും. ഒരു ലൈബ്രറി, ഒരു ഡൈനിംഗ് റൂം, അംഗങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് എന്നിവയും വരാനിരിക്കുന്ന മറ്റ് ഘടനകളില്‍ ഉള്‍പ്പെടുന്നു.
പുതിയ കെട്ടിടത്തില്‍ മഴവെള്ള സംഭരണവും ജല പുനരുപയോഗ സംവിധാനവും ഉണ്ടാകും. കെട്ടിടത്തിലുടനീളം 100% യുപിഎസ് പവര്‍ ബാക്കപ്പ് നല്‍കുമെന്ന് രേഖ പറയുന്നു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്‍പന ചെയ്തത്. കേന്ദ്രത്തിന്റെ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതികളുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ടാറ്റ പ്രോജക്ട്‌സ് നേടി.
സന്‍സദ് ഭവന്‍ (പാര്‍ലമെന്റ് ഹൗസ്), റിസപ്ഷന്‍ ഓഫീസ് ബില്‍ഡിംഗ്, സന്‍സദിയ സൗധ (പാര്‍ലമെന്റ് ഹൗസ് അനെക്‌സ്), പാര്‍ലമെന്റ് ഹൗസ് അനക്‌സിലേക്കുള്ള വിപുലീകരണം, സന്‍സദിയ ജ്ഞാനപീഠം (പാര്‍ലമെന്റ് ലൈബ്രറി കെട്ടിടം) എന്നിവ ഉള്‍ക്കൊള്ളുന്നതാണ് നിലവിലെ പാര്‍ലമെന്റ്.
നാള്‍ വഴികള്‍
2019 സെപ്റ്റംബര്‍ : സെന്‍ട്രല്‍ വിസ്ത മാസ്റ്റര്‍പ്ലാന്‍ തയ്യാര്‍
2020 സെപ്റ്റംബര്‍ : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ കരാര്‍ ടാറ്റ പ്രൊജക്ട്സ് കമ്പനിക്ക്
2020 ഡിസംബര്‍ 10: പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു
2021 ഡിസംബര്‍: പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 35 ശതമാനം പൂര്‍ത്തിയായെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍
2022 ജൂലായ് : പുതിയ മന്ദിരത്തിനു മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
2022 ഓഗസ്റ്റ്: നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍
2023 മാര്‍ച്ച് 30: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍
2023 മേയ് 18 : പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28-ന് ഉദ്ഘാടനം ചെയ്യുമെന്ന് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ്.

