പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം: ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് കൂടുതല്‍ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയും. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പുതിയ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതും ഉദ്ഘാടനത്തിന് ആര്‍ എസ് എസ് താത്വീകാചാര്യന്‍ വി ഡി സവര്‍ക്കറുടെ ജന്മദിനം തിരഞ്ഞെടുത്തതും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബഹിഷ്‌കരണ ആഹ്വാനം.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചടങ്ങിനെതിരെ നേരത്തെ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റ് ഒരു പുതിയ കെട്ടിടം മാത്രമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് ടിഎംസി നേതാവും രാജ്യസഭാ എംപിയുമായ ഡെറക് ഒബ്രിയന്‍ പറഞ്ഞു. പാരമ്പര്യങ്ങളും മൂല്യങ്ങളും ആചാരങ്ങളും നിയമങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന ഒരു സ്ഥാപനമാണ് പാര്‍ലമെന്റ് എന്നും അത് പ്രധാനമന്ത്രിക്ക് മനസിലാകില്ലെന്നും അദ്ദേഹം, ട്വീറ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ബഹിഷ്‌കരിക്കുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി ഡോ ജോണ്‍ ബ്രിട്ടാസ് സ്ഥിരീകരിച്ചു. അതേസമയം, പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്തില്‍ പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടകന്‍. പാര്‍ലമെന്റ് മന്ദിരം പ്രധാന മന്ത്രി നരേന്ദ്രമോദി സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ നടത്തുമെന്നാണ് ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നത്. ക്ഷണക്കത്തിന്റെ സോഫ്റ്റ് കോപ്പി എംപിമാര്‍ക്ക് അയച്ചുതുടങ്ങിയതോടെയാണ് ബഹിഷ്‌കരണ ആഹ്വാനവുമായി വിവിധ പാര്‍ട്ടികള്‍ രംഗത്ത് വരുന്നത്.

Share
അഭിപ്രായം എഴുതാം