ആരാണ് കര്‍ണാടക നിയമസഭയുടെ മലയാളി സ്പീക്കര്‍ യു ടി ഖാദര്‍?

കര്‍ണാടക നിയമസഭക്ക് മലയാളിയായ സ്പീക്കര്‍. ആരാണ് മംഗളൂരുകാരനെങ്കിലും മലയാളി പാരമ്പര്യമുള്ള യു ടി ഖാദര്‍? കര്‍ണാടക നിയമസഭാ സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് അത് ചരിത്രമായി. കര്‍ണാടകയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ആദ്യത്തെ സ്പീക്കര്‍ കൂടിയാകും ഖാദര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍ നിന്ന് അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയിലെത്തുന്നത്. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച മന്ത്രിയെന്ന ഖ്യാതി കരസ്ഥമാക്കിയ അദ്ദേഹത്തിന് ഇത്തവണ ലഭിച്ചതാകട്ടെ സ്പീക്കര്‍ സ്ഥാനവും. ആരോഗ്യം, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, നഗര വികസന വകുപ്പുകളാണ് യു ടി ഖാദര്‍ നേരത്തേ വഹിച്ചത്. ഭരണതലത്തിലെ മികവ് തന്നെയാണ് 53കാരനായ ഖാദറിന് തുടര്‍ച്ചയായി മന്ത്രി പദവികളിലേക്കും ഇപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്കും കടന്നുവരാന്‍ കളമൊരുക്കിയത്. കാസര്‍കോട് ഉപ്പള പള്ളം സ്വദേശിയായ പിതാവ് യു ടി ഫരീദിലൂടെയാണ് രാഷ്ട്രീയ അരങ്ങേറ്റം. മംഗലാപുരത്തേക്ക് താമസം മാറിയ പിതാവ് നാല് തവണ ഉള്ളാളില്‍ (മംഗളൂരു) നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിതാവിന്റെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2007ല്‍ യു ടി ഖാദര്‍ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. ഇതിന് മുമ്പത്തെ സര്‍ക്കാറില്‍ 13 മന്ത്രിമാരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒറ്റയടിക്ക് മാറ്റിയപ്പോഴും ഖാദറിന് ഇളക്കം തട്ടിയില്ല. നിയമ ബിരുദധാരിയായ അദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ എന്‍ എസ് യുവിന്റെ ജനറല്‍ സെക്രട്ടറിയായാണ് പൊതുരംഗത്ത് തുടക്കം കുറിക്കുന്നത്. 2020ല്‍ കെ പി സി സി വക്താവായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരളവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ലമീസ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിനിയാണ്. ഏക മകള്‍ ഹവ്വ നസീമ ഖുര്‍ആന്‍ ഹിഫ്ള് പഠനം പൂര്‍ത്തീകരിച്ചത് മലപ്പുറം മഅ്ദിനിലെ ക്യൂലാന്‍ഡ് അക്കാദമിയില്‍ നിന്നായിരുന്നു.14ാം വയസ്സില്‍ പഠനം പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ മംഗളൂരുവിലാണ് പഠനം തുടരുന്നത്.

Share
അഭിപ്രായം എഴുതാം