ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി: ഐഐടി പാലക്കാട് നിന്നും 45 അംഗ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു

പാലക്കാട്: ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ കീഴിലുള്ള യുവസംഗമം പരിപാടിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ലക്ഷദീപില്‍ നിന്നുമുള്ള 45 പ്രതിനിധികളുടെ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാട് നിന്ന് അലഹബാദിലെ മോത്തിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഎന്‍എന്‍ഐടി)യിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ യാത്ര പത്മശ്രീ പ്രൊഫ.ടി. പ്രദീപ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിസ്ട്രി , ഐഐടി മദ്രാസ്) ഫ്‌ലാഗ് ഓഫ് ചെയ്തു.

കല, കായികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള 35 യുവാക്കളും ലക്ഷദീപില്‍ നിന്നുള്ള 10 യുവാക്കളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന സംഘത്തില്‍ പാലക്കാട് ഐഐടിയിലെ നാല് ജീവനക്കാരും ഒപ്പമുണ്ട്. 25 ആണ്‍ കുട്ടികളും 20 പെണ്‍കുട്ടികളും അടങ്ങുന്ന സംഘത്തില്‍ വിദ്യാര്ത്ഥികളും തൊഴില് ചെയ്യുന്നവരും സ്വയം തൊഴില് ചെയ്യുന്നവരുമായ യുവാക്കളുടെ പ്രാതിനിധ്യമുണ്ട്.ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവ സംഗമം പരിപാടിക്ക് കീഴില്‍ സംഘടിപ്പിച്ച ഈ സന്ദര്‍ശനം, കേരളത്തിനും ഉത്തര്‍പ്രദേശിനും ഇടയില്‍ വിദ്യാഭ്യാസവും സാംസ്‌കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കാനും ദേശീയ ഉദ്ഗ്രഥനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. അവരുടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍, പ്രതിനിധികള്‍ ആതിഥേയ സംസ്ഥാനത്തിന്റെ വിവിധ വശങ്ങള്‍ പര്യവേക്ഷണം ചെയ്യും, വിനോദസഞ്ചാരം, പാരമ്പര്യങ്ങള്‍, ഭാഷകള്‍, വികസനം, ആളുകള്‍ തമ്മിലുള്ള ബന്ധം, സാങ്കേതികവിദ്യ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
സംഘം കാശി, അലഹബാദ് മ്യൂസിയം, ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക് തുടങ്ങിയ വിവിധ വ്യാവസായിക സാംസ്‌കാരിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ഫുല്‍പൂരിലെ വ്യാവസായിക കേന്ദ്രമായ ഇഫ്‌കോ, എന്‍ടിപിസി, മെജ തുടങ്ങിയവയും  സന്ദര്‍ശിക്കും.

Share
അഭിപ്രായം എഴുതാം