അവസാന ശ്വാസം വരെ വംശീയതക്ക് എതിരെ പോരാടുമെന്നു സാമൂഹിക മാധ്യമത്തിൽ കുറിച്ച ബ്രസീലിയൻ താരം വിനിഷ്യസിന് ഐക്യദാർഢ്യവുമായി കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ്‌ ജൂനിയറിനു നേരിടേണ്ടി വന്ന വൻശീയ അധിക്ഷേപത്തിൽ നിലപാടുമായി കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ. വിനിഷ്യസ് നിങ്ങൾ തനിച്ചല്ല, ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഒപ്പമുണ്ടെന്ന് തുടങ്ങുന്ന പോസ്റ്റിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അവസാന ശ്വാസം വരെ വംശീയതക്ക് എതിരെ പോരാടുമെന്നു സാമൂഹിക മാധ്യമത്തിൽ കുറിച്ച വിനിഷ്യസിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വിനിഷ്യസിനെ പോലെ പ്രതിഭയുള്ള താരത്തിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരക്കാരനായ കറുത്ത വംശജനെ അവസ്ഥയെന്തെന്ന് അദ്ദേഹം ചോദിച്ചു. നിറത്തിന്റെയും വംശത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്നത്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം വിഷയത്തിൽ മുഴുവൻ ഫുട്‌ബോൾ ആരാധകരും ഒന്നിച്ചു നിൽക്കണം എന്നും അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം :
വിനിഷ്യസ്‌ നിങ്ങൾ തനിച്ചല്ല; ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർ ഒപ്പമുണ്ട്‌
ഫുട്‌ബോൾ ഏറ്റവും പ്രിയപ്പെട്ട കളിയാണ്‌. ഫുട്‌ബോൾ താരങ്ങളോട്‌ ബഹുമാനവും ആരാധനയുമാണ്‌ മനസ്സിലുള്ളത്‌. ലോകത്തെ ഏറ്റവും മഹത്തായ കായികവിനോദമെന്ന ബഹുമതി ഫുട്‌ബോളിന്‌ ലഭിച്ചത്‌ വെറുതെയല്ല. ഒരു തുകൽപ്പന്ത്‌ ലോകം കീഴടക്കിയത്‌ ആ കളിയുടെ ജനകീയത കൊണ്ടാണ്‌. കൂട്ടായ്മയുടെ പ്രതീകവും എല്ലാവരെയും ഒന്നായി കാണാൻ പഠിപ്പിക്കുകയും ചെയ്യുന്ന കളിയാണത്‌. കളിക്കളത്തിൽ നിറമോ ജാതിയോ പണമോ ഒന്നും വിഷയമല്ല. ഒരു പന്തിനൊപ്പം ചലിക്കുന്ന 22 പേർ. അവിടെ ജീവിതത്തിലെ സർവ ഭാവങ്ങളും വികാരങ്ങളും ദൃശ്യമാകും. ആഹ്ളാദത്തിന്റെ ഉന്മത്താവസ്ഥയും കണ്ണീർപ്രവാഹവും ഒരുപോലെ കാണാം.

ഇതെല്ലാമായിരിക്കെ, നെറികെട്ട ചില വാർത്തകൾ ഫുട്‌ബോൾ ലോകത്തു നിന്ന്‌ വന്നു കൊണ്ടിരിക്കുകയാണ്‌. ബ്രസീൽ താരം വിനിഷ്യസ്‌ ജൂനിയർ നിരന്തരം വംശീയാധിക്ഷേപത്തിന്‌ ഇരയായി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ ലീഗ്‌ മത്സരത്തിനിടെ വംശീയാധിക്ഷേപം എല്ലാ അതിരുകളും ലംഘിച്ചു. എന്നാൽ, അതിലൊന്നും അയാൾ തളർന്നില്ല. അവസാന ശ്വാസം വരെ വംശീയതക്കെയിരെ പോരാടുമെന്ന്‌ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. വിനിഷ്യസ്‌, നിങ്ങളെ ഓർത്ത്‌ അഭിമാനിക്കുന്നു.

ഫുട്‌ബോൾ കളത്തിൽ വംശീയാധിക്ഷേപം പുതിയതല്ല. 1970 കൾ മുതൽ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലും മറ്റും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. ആഫ്രിക്കൻ താരങ്ങളാണ്‌ ഏറ്റവും കൂടുതൽ ആക്ഷേപത്തിന്‌ ഇരയാകുന്നത്‌. ദിദിയർ ദ്രോഗ്‌ബ, മരിയോ ബലോറ്റെല്ലി, സാമുവൽ ഇറ്റോ തുടങ്ങിയവർ കടുത്ത വംശീയാധിക്ഷേപത്തിന്‌ ഇരയായ സംഭവങ്ങൾ നിരവധിയാണ്‌.

വംശീയാധിക്ഷേപത്തിനെതിരെ ഫിഫയും യുവേഫയും കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ട്‌. കുറ്റക്കാർക്ക്‌ നിരോധനവും പിഴയും ഈടാക്കാറുണ്ട്‌. കാണികളെ സ്റ്റേഡിയത്തിൽ നിന്ന്‌ പുറത്താക്കിയിട്ടുണ്ട്. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ എല്ലാ ടീമിന്റെ ജഴ്‌സിയിലും സേ നോ ടു റേസിസം എന്ന്‌ ആലേഖനം ചെയ്യേണ്ടതുണ്ട്‌. ഫിഫ ലോകകപ്പിൽ എല്ലാ മത്സരത്തിനു മുന്പും ടീമംഗങ്ങൾ കളിക്കളത്തിൽ മുട്ടുകുത്തി പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും വംശീയാധിക്ഷേപം തുടച്ചുനീക്കാൻ കഴിയുന്നില്ല.

വംശീയാധിക്ഷേപത്തിന്റെ വക്താക്കളായ പലരും വസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ ലീഗുകളിൽ കറുത്തവർ ഇല്ലാത്ത ഒരു ടീം പോലുമില്ല. ലോകത്തെ ഒന്നാംനിര ടീമുകൾ കളിക്കുന്ന ഇംഗ്ലീഷ്‌, സ്‌പാനിഷ്‌, ജർമ്മൻ, ഇറ്റാലിയൻ ലീഗുകളിൽ പകുതിയിലധികം കറുത്തവർ അടങ്ങുന്ന ടീമുകൾ നിരവധിയാണ്‌. കറുപ്പിന്റെ കളിമിടുക്കിനുള്ള അംഗീകാരമാണത്‌. എന്നാൽ, കറുത്തവനെ സാധാരണ വ്യക്തിയായി ഇന്നും അംഗീകരിക്കാൻ പലർക്കും മടിയാണ്‌ എന്നതിന്‌ തെളിവാണ്‌ തുടരുന്ന വംശീയാധിക്ഷേപം. പല യൂറോപ്യൻ രാജ്യങ്ങളിലും വംശവെറിയുടെ വക്താക്കൾ കൂടി വരുന്നുവെന്നും സൂചനയുണ്ട്‌.

ഈ അധിക്ഷേപം ഒരു കളിക്കാരനെ എത്രമാത്രം മാനസികമായി തകർക്കും. പലർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞു എന്നു വരില്ല. കരിയർ തന്നെ അവസാനിക്കാൻ ഇതിടയാക്കും. വിനിഷ്യസിനെ പോലെ പ്രതിഭയുള്ള കളിക്കാരന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണ കറുത്തവന്റെ അവസ്ഥ എന്തായിരിക്കും.

നിറത്തിന്റെയും വംശത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്നത്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഫിഫയും യുവേഫയും മാത്രമല്ല, ഓരോ രാജ്യവും ശക്തമായ നടപടികളുമായി മുന്നോട്ടുവരണം. ആവശ്യമായ നിയമങ്ങൾ കൊണ്ടുവരണം. ഫുട്‌ബോളിനുമേലുള്ള ഈ കറ കഴുകി കളയണം. അതിന്‌ ലോകത്തെ മുഴുവൻ ഫുട്‌ബോൾ ആരാധകരും ഒന്നിച്ചു നിൽക്കണം.

Share
അഭിപ്രായം എഴുതാം