ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു

ഭുവനേശ്വര്‍: ഒഡിഷയില്‍ മതപരമായ സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ശിവക്ഷേത്രങ്ങളിലെ കഞ്ചാവ് ഉപയോഗം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മെയ് പത്തിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഒഡിയ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് സംസ്ഥാനത്തെ സാംസ്‌കാരിക വകുപ്പാണ് പുറത്തിറക്കിയത്. കഞ്ചാവ് ഉപയോഗം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
”ബാനാപൂരിലെ ഭഗബതി ക്ഷേത്രത്തില്‍ മുമ്പ് മൃഗബലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് മറ്റെല്ലാ ക്ഷേത്രവും മൃഗബലി നിര്‍ത്തലാക്കുകയും ചെയ്തു. അതുപോലെ എല്ലാ ശിവക്ഷേത്രങ്ങളിലും കഞ്ചാവ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും,” എന്നാണ് മന്ത്രി അശ്വിനി പത്ര പറഞ്ഞത്. സംസ്ഥാനത്തെ പ്രശസ്തമായ ബാബ അഖണ്ഡല്‍മണി ശിവ ക്ഷേത്രത്തിലെ കഞ്ചാവ് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അനന്ത ബലിയ ട്രസ്റ്റ് മേധാവി ബലിയ ബാബ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഇദ്ദേഹം സംസ്ഥാന എക്സൈസ് വകുപ്പിന് ഏപ്രില്‍ 13ന് കത്തയയക്കുകയും ചെയ്തിരുന്നു.” സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തരാണ് എല്ലാ ദിവസവും ശിവക്ഷേത്രത്തിലെത്തുന്നത്. ശിവ ഭഗവാന്റെ പേരില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് മതപരമായ വിശ്വാസത്തെയും ചൈതന്യത്തെയും ഇല്ലാതാക്കുമെന്നും,” ബലിയ ബാബ കത്തില്‍ സൂചിപ്പിച്ചിരുന്നു.”ശിവന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. ഹിന്ദുമതത്തെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് സമൂഹത്തില്‍ ഓരോ കാലം കഴിയുമ്പോഴും വ്യാപിക്കുന്നത്. കഞ്ചാവിന് പകരം ഒരുപാട് നല്ല കാര്യങ്ങള്‍ ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്’ എന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ശിവ ക്ഷേത്രങ്ങളിലും കഞ്ചാവ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തായിരുന്നു ഇത്.

Share
അഭിപ്രായം എഴുതാം