ആര്യനാട് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക നിലവാരത്തില്‍ പുതിയ ബഹുനില മന്ദിരം വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നവകേരള കര്‍മ്മ പദ്ധതി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആര്യനാട് സ്‌കൂളില്‍ ഉള്‍പ്പെടെ, സംസ്ഥാനത്ത് 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 3.90 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. അടുത്ത അധ്യയന വര്‍ഷത്തോടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുമെന്ന് എം.എല്‍.എ പറഞ്ഞു.
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, തേവിയാരുകുന്ന് പറണ്ടോട്, ഈഞ്ചപ്പുരി തുടങ്ങിയ മലയോര മേഖലകളില്‍ നിന്നും മറ്റ് പഞ്ചായത്തുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് ആശ്രയിക്കുന്നത് ആര്യനാട് സ്‌കൂളിനെയാണ്. പുതിയ കെട്ടിടം ഉയരുന്നത്തോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉള്‍പ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും മികച്ച പഠനാന്തരീക്ഷവും ലഭ്യമാകും.
1294 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തില്‍ 8 ക്ലാസ് മുറികള്‍, മൂന്ന് ലാബുകള്‍, ഭിന്നശേഷി സൗഹൃദമായ ശുചിമുറികള്‍, റാമ്പ് തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്.