തൃശൂരിൽ വർക്ക് ഷോപ്പ് തൊഴിലാളിക്കുനേരെ ചുറ്റിക ഉപയോഗിച്ച് മർദ്ദനം

തൃശൂർ : തൃശൂർ വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം. വെള്ളറക്കാട് സ്വദേശി മൊഹിനുദ്ദീനെ പള്ളിമേപ്പുറം സ്വദേശി മോനുട്ടിയാണ് ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചത്. സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു മർദനം . 2023 മെയ് 23നാണ് സംഭവം

വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീന്റെ വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയറിന് നൽകിയിരുന്നു. ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്നും പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു.

ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മോനുട്ടി മൊഹിനുദ്ദീനെ ആക്രമിക്കുകയായിരുന്നു. തുടർന്ന്, മോനുട്ടി ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മൊഹിനുദ്ദീനെ മർദ്ദിച്ചു. ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Share
അഭിപ്രായം എഴുതാം