സിവിൽസർവീസ് പരീക്ഷയിൽ അപൂർവനേട്ടവുമായി ദമ്പതികൾ

ചെങ്ങന്നൂർ: സിവിൽസർവീസ് പരീക്ഷയിൽ അപൂർവനേട്ടം സ്വന്തമാക്കി ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ ചൂനാട്ടു മഞ്ജീരത്തിൽ ഡോ. എം. നന്ദഗോപനും (30) ഭാര്യ തിരുവല്ല മുത്തൂർ ഗോവിന്ദ് നിവാസിൽ മാളവിക ജി. നായരും (28). ഭാര്യ 172-ാംറാങ്ക് നേടിയപ്പോൾ ഭർത്താവ് 233-ാം റാങ്കോടെ പട്ടികയിൽ ഇടംനേടി.നന്ദഗോപൻ ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണു വിജയം നേടിയത്. മാളവികയുടേത് അഞ്ചാമത്തേതും.

മാളവിക. 2020-ൽ റാങ്കുനേടി ഐ.ആർ.എസ്. നേടിയിരുന്നു . അന്ന് 118-ാം റാങ്കായിരുന്നു. മംഗളൂരുവിൽ ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി ജോലിനോക്കുകയാണ്. ബിറ്റ്‌സ് ഗോവ കാമ്പസിൽനിന്ന് ബി.ടെക്. കഴിഞ്ഞതിനുശേഷമാണ് സിവിൽസർവീസിനു ശ്രമിച്ചത്.
നന്ദഗോപൻ പത്തനംതിട്ട ജില്ലാ മാനസികാരോഗ്യം പരിപാടിയിൽ ഡോക്ടറാണ്. ഐ.ഒ.ബി. റിട്ട. ചീഫ് മാനേജർ ആർ. മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്. പ്രതിഭയുടെയും മകനാണ്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിട്ട. ഡി.ജി.എം. കെ.ജി. അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി.എൽ. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക

.2020-ൽ ആയിരുന്നു ഇവരുടെ വിവാഹം. ശേഷം സിവിൽ സർവീസസ് ശ്രമം ഇരുവരും ഒരുമിച്ചായി. നന്ദഗോപൻ മെയിൻപരീക്ഷയിൽ മലയാളസാഹിത്യമാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്.മാളവിക സോഷ്യോളജിയും. നന്ദഗോപന്റെ മുത്തച്ഛൻ ഏറ്റുമാനൂർ സോമദാസ് സാഹിത്യകാരനായിരുന്നു.

Share
അഭിപ്രായം എഴുതാം